പോസ്റ്റോഫിസിന് തീയിട്ട കേസിൽ പ്രതി അറസ്റ്റിൽ
text_fieldsപെരിങ്ങോട്ടുകര: പോസ്റ്റ് ഓഫിസിൽ മോഷണം നടത്തുകയും തീയിടുകയും ചെയ്ത കേസിൽ ഓട്ടോ സുഹൈൽ എന്ന് വിളിക്കുന്ന വാടാനപ്പിള്ളി രായംമരയ്ക്കാർ വീട്ടിൽ സുഹൈലിനെ (43) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര പോസ്റ്റോഫീസിൽ ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്.
രാവിലെ പോസ്റ്റോഫിസ് തുറക്കാനെത്തിയ ജീവനക്കാരിയാണ് പൊളിച്ച നിലയിലുള്ള മുൻവാതിലും ഉള്ളിൽനിന്ന് പുക വരുന്നതും കണ്ട് പൊലീസിനെ അറിയിച്ചത്. റൂറൽ എസ്.പി ഐശ്വര്യ ഡോങ്ങ്ഗ്രേ സ്ഥലത്തെത്തി പരിശോധിക്കുകയും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, അന്തിക്കാട് എസ്.എച്ച്.ഒ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും ചെയ്തു.
മോഷണത്തിനിടെ ലോക്കർ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിൽ ദേഷ്യം തോന്നിയാണ് രേഖകളും തപാൽ ഉരുപ്പടികളും കത്തിച്ചതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. അന്വേഷണ സംഘം സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചിരുന്നു. സുഹൈലിനെതിരെ സംസ്ഥാനത്തെ ഇരുപതോളം സ്റ്റേഷനുകളിലായി സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ പൊളിച്ച് കയറി സ്വർണവും പണവും മോഷ്ടിച്ച കേസുകളും നിരവധി വാഹന മോഷണ കേസുകളുമുണ്ട്.
കൊടുങ്ങല്ലൂർ, മതിലകം, വാടാനപ്പള്ളി, വലപ്പാട്, ചാവക്കാട്, കുന്നംകുളം, പേരാമംഗലം, അന്തിക്കാട്, കാട്ടൂർ സ്റ്റേഷനുകൾക്ക് പുറമെ മലപ്പുറം, കുറ്റിപ്പുറം, വളാഞ്ചേരി, എറണാകുളം ജില്ലയിലെ വരാപ്പുഴ, ആലുവ, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, പട്ടാമ്പി സ്റ്റേഷനുകളിലെ നാൽപതോളം കേസുകളിലെ പ്രതിയാണ്. നിരവധി ഓട്ടോ റിക്ഷകളും പിക്അപ് വാനുകളും മോഷ്ടിച്ച് തമിഴ്നാട്ടിൽ കൊണ്ടുപോയി വിറ്റിട്ടുണ്ട്.
അന്തിക്കാട് എസ്.ഐ കെ.എച്ച്. റെനീഷ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒമാരായ ഉമേഷ്, വികാസ്, അന്തിക്കാട് സ്റ്റേഷനിലെ എ.എസ്.ഐമാരായ എം. അരുൺ, എം.കെ. അസീസ്, സീനിയർ സി.പി.ഒ ബി.കെ. ശ്രീജിത്ത്, അനൂപ്, വൈശാഖ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.