തൃശൂർ സി.പി.എമ്മിൽ വീണ്ടും നടപടി; ജില്ല കമ്മിറ്റി അംഗത്തിനും ഏരിയ കമ്മിറ്റി അംഗത്തിനും ശാസന
text_fieldsതൃശൂർ: ബാങ്ക് വായ്പ ഇടപാടുമായി ബന്ധപ്പെട്ട ആരോപണത്തിൽ തൃശൂർ സി.പി.എമ്മിൽ വീണ്ടും നടപടി. ജില്ല കമ്മിറ്റി അംഗവും തൃശൂർ ജില്ല പഞ്ചായത്ത് അംഗവുമായ ഇ.എം. അഹമ്മദ്, നാട്ടിക ഏരിയ കമ്മിറ്റി അംഗവും നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡൻറുമായ ഐ.കെ. വിഷ്ണുദാസ് എന്നിവരെ ശാസിക്കാൻ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ബുധനാഴ്ച സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. വ്യാഴാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ എന്നിവർ പങ്കെടുത്ത ജില്ല കമ്മിറ്റി യോഗത്തിൽ തീരുമാനം അറിയിച്ച് അംഗീകാരം നേടി. നാട്ടിക ഫർക്ക ബാങ്കിൽ വായ്പ ഇടപാടുമായി ബന്ധപ്പെട്ടുയർന്ന പരാതിയാണ് വിഷയം.
ഇ.എം. അഹമ്മദും ബാങ്കിെൻറ നിയമോപദേശകരുമടക്കം പിന്തുണച്ച് 30 ലക്ഷം രൂപയുടെ വായ്പ അപേക്ഷ എത്തിയിരുന്നു. എന്നാൽ, മതിയായ ഈടില്ലെന്ന കാരണത്താൽ ബാങ്ക് പ്രസിഡൻറായ വിഷ്ണുദാസ് അപേക്ഷ നിരസിച്ചു. ഇതേ തുടർന്ന് നാട്ടിക ഏരിയ കമ്മിറ്റിയിൽ കടുത്ത ഭിന്നത രൂപപ്പെട്ടു. വിഷയത്തിൽ പാർട്ടിക്ക് നൽകിയ പരാതിയിൽ അന്വേഷണ കമീഷനെ നിയോഗിച്ചിരുന്നു. സംഭവം നടക്കുമ്പോൾ നാട്ടിക ഏരിയ സെക്രട്ടറിയായിരുന്നു അഹമ്മദ്. വിഷയത്തിൽ അനാവശ്യ ഇടപെടൽ നടത്തിയെന്നതാണ് ഇ.എം. അഹമ്മദിനെതിരായ കണ്ടെത്തൽ. പാർട്ടി സെക്രട്ടറി എന്ന നിലയിൽ കാണിക്കേണ്ട ജാഗ്രതയില്ലായ്മ ഭിന്നതക്ക് ഇടയാക്കിയെന്നും കമീഷൻ വിലയിരുത്തി.
കരുവന്നൂർ ബാങ്ക് ക്രമക്കേട് കേസിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയത് ചുമതല ദുരുപയോഗം ചെയ്തതാണെന്നും സഹകരണ ബാങ്കുകളിലെ വിഷയങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും യോഗത്തിൽ എ. വിജയരാഘവൻ അറിയിച്ചു. കാലങ്ങളായി വിജയിക്കുന്ന ചാലക്കുടി നിയോജകമണ്ഡലത്തിൽ ഇടത് സ്ഥാനാർഥി തോൽക്കാനിടയാക്കിയത് ബോധപൂർവമായ ജാഗ്രതക്കുറവാണെന്ന് യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച് ഏരിയ കമ്മിറ്റിയുടെയും ജില്ല കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിച്ചു. ഏരിയ തലത്തിൽ വിശദമായ പരിശോധന നടത്തി നടപടികൾക്ക് യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.