വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചില്ലെങ്കിൽ കടയുടമകള്‍ക്കെതിരെ നടപടി
text_fieldsതൃശൂർ: പൊതുവിപണിയിലെ പരിശോധനകള്‍ കര്‍ശനമാക്കാനും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിത്യോപയോഗ സാധനങ്ങളുടെ വില വർധന തടയുന്നതിനുമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ തീരുമാനം.
നിത്യോപയോഗ സാധനങ്ങളുടെ വിലവർധന തടയുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും അമിതവില ഈടാക്കല്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുമായി സ്പെഷല്‍ സ്ക്വാഡ് പരിശോധന നടത്തും. പൊതുവിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ, റവന്യു, പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി സ്പെഷല്‍ സ്ക്വാഡില്‍ പ്രവര്‍ത്തിക്കും.
പഞ്ചായത്തും കുടുംബശ്രീയും സഹകരിച്ച് തരിശു ഭൂമിയില്‍ പച്ചക്കറി കൃഷി ചെയ്യാനും കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെ അത്യുല്‍പ്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകള്‍ ലഭ്യമാക്കി പ്രാദേശിക തലത്തില്‍ പച്ചക്കറികളുടെ ഉപ്പാദനം വര്‍ധിപ്പിക്കാനും തുടര്‍നടപടി സ്വീകരിക്കാൻ കൃഷി വകുപ്പിന് നിർദേശം നല്കി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാൻ അരി, പയർ വര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ മൊത്ത/ചില്ലറ വ്യാപാരികളുടെ പ്രത്യേക യോഗം വിളിക്കും. എ.ഡി.എം ടി. മുരളി, ജില്ല സപ്ലൈ ഓഫിസര്‍ പി.ആര്. ജയചന്ദ്രന്, ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ (മാര്‍ക്കറ്റിങ്) കെ.കെ. സതീശന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.