സഹർ കൊലക്കേസ് അന്വേഷണത്തിൽ മെല്ലെപ്പോക്ക് -ആക്ഷൻ കൗൺസിൽ
text_fieldsഅന്തിക്കാട്: ബസ് ഡ്രൈവറായിരുന്ന ചാഴൂർ ഏഴാം വാർഡിൽ മമ്മസ്രയില്ലത്ത് സഹറിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്ക് സംശയാസ്പദമാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പ്രതികളുടെ എണ്ണം കൂട്ടി കേസ് ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. ആൾക്കൂട്ട മർദനത്തിൽ സഹാർ കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിയുമ്പോഴും യഥാർഥ പ്രതിയിലേക്ക് എത്തിയിട്ടില്ല. പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞിട്ടും ചേർപ്പ് പൊലീസ് രക്ഷപ്പെടാൻ പഴുത് ഒരുക്കി. തൃപ്തികരമായ അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്.
ഏഴാം വാർഡിലെ മുഴുവൻ കുടുംബങ്ങളിൽനിന്നും ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രി, എം.എൽ.എ, ജില്ല പൊലീസ് സൂപ്രണ്ട്, കലക്ടർ എന്നിവർക്ക് നിവേദനം നൽകി. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് 5.30ന് ചിറക്കൽ സെന്ററിൽ സർവകക്ഷി പ്രതിഷേധയോഗം ചേരുമെന്നും അറിയിച്ചു. കമ്മിറ്റി ചെയർമാൻ ടി.കെ. കാർത്തികേയൻ, കൺവീനർ സി.എ. ശിവൻ, ലളിത വേലായുധൻ, സഹറിന്റെ സഹോദരി ഷാബിത, രക്ഷാധികാരി അബ്ദുല്ല പൊക്കാലത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.