പടിഞ്ഞാറൻമുറി മില്ലേനിയം റോഡ് നവീകരണത്തിന് നടപടി
text_fieldsമാള: പടിഞ്ഞാറൻമുറി മില്ലേനിയം റോഡ് നവീകരണത്തിന് നടപടിയാവുന്നു. തകർന്ന റോഡിലൂടെയുള്ള യാത്രാക്ലേശം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വലിയ കുഴികളിൽ വെട്ടുകല്ലും കരിങ്കല്ലുമിട്ട് അടച്ചാണ് നാട്ടുകാർ യാത്ര ചെയ്തിരുന്നത്. പൊയ്യ പഞ്ചായത്ത് രണ്ടാംവാർഡിലുള്ള റോഡ് കൊടുങ്ങല്ലൂർ-മാള റോഡുകളെ ബന്ധിപ്പിക്കുന്നതാണ്. സഞ്ചാരയോഗ്യമല്ലാതായതോടെ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴി ഓടാതായി. നിരവധി സ്കൂൾ ബസുകൾ കടന്നുപോകുന്നുണ്ട്. മാള ടൗണിലേക്കുള്ള പ്രധാന റോഡുമാണ്.
850 മീറ്ററാണ് റോഡിന്റെ ദൈർഘ്യം. പടിഞ്ഞാറൻമുറി, ബിഷപ് കോർണർ, ഇലഞ്ഞിക്കൽ ഫാം, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിലുള്ള റോഡുകളും ഈ റോഡിൽ വന്നുചേരുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ടാക്സി വിളിച്ചാൽ വരാൻ മടിക്കുന്നതായി നാട്ടുകാർ പരാതി പറയുന്നു.
തകർന്ന റോഡ് പുനർനിർമിക്കുമെന്ന് വാക്ക് നൽകിയ ജനപ്രതിനിധികളായവർ പിന്നീട് തിരിഞ്ഞ് നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. പരിസരത്തെ താണിക്കാട് തളിർ, ബിഷപ് കോർണർ, ചർച്ച് സെമിത്തേരി വഴി എന്നീ റോഡുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുനർനിർമിച്ചു. റോഡ് അടിയന്തരമായി ടാർ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.