നടപടി വേണം; തീർഥാടക വാഹനങ്ങൾ കുരുക്കിലാകാതിരിക്കാൻ
text_fieldsമാള: രാമായണ മാസത്തിൽ ദർശനം നടത്തുന്നതിന് എത്തുന്ന നാലമ്പല തീർഥാടകർ ഗതാഗതകുരുക്കിൽ അകപ്പെടാതെ യാത്ര സുഗമമാക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ഉയരുന്നു. തൃപ്രയാർ, പായമ്മൽ ക്ഷേത്ര ദർശനം കഴിഞ്ഞെത്തുന്ന നൂറ് കണക്കിന് ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിലേക്ക് പോകുന്നത് മാള വഴിയാണ്. മാള-ആലുവ റോഡിലൂടെ വേണം യാത്ര.
ദിശാബോർഡുകൾ സ്ഥാപിച്ചാൽ ടൗണിൽ എത്താതെ ലക്ഷ്യത്തിലെത്താം. ഇരിങ്ങാലക്കുടയിൽ നിന്ന്എത്തുന്ന ഹെവി വാഹനങ്ങൾ മാള ടൗണിലെത്തും മുമ്പ് അഷ്ടമിച്ചിറ വൈന്തല വഴിയും പുത്തൻചിറ വഴിയുള്ളവ മേക്കാട് കാവനാട് വഴിയും തിരിച്ചുവിടണം. മൂഴിക്കുളം ക്ഷേത്ര പരിസരത്ത് ചിട്ടയോടെ വാഹനങ്ങളെ നിയന്ത്രിക്കാൻ അഞ്ച് പൊലീസുകാരും ഒരു എസ്.ഐയും ഡ്യൂട്ടിയിലുണ്ടാകും. എറണാകുളം ജില്ലയിലെ ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൂഴിക്കുളം. ഇതേ ജാഗ്രത മാള സ്റ്റേഷൻ പരിധിയിലും വേണമെന്നാവശ്യമുണ്ട്.
തീർഥാടകർ പലയിടത്തും വാഹനം നിർത്തിയിടും. സമീപം റോഡിൽ ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യും. നാലമ്പല തീർഥാടകർക്ക് യാത്ര സുഗമമാക്കാൻ ഗതാഗത കുരുക്കില്ലാതെ പോകുന്നതിന് മുൻകൂട്ടി ട്രാഫിക്ക് വകുപ്പ് ആസൂത്രണം നടത്തി മാധ്യമങ്ങൾ വഴി അറിയിപ്പുകൾ നൽകിയീട്ടില്ല. അധികൃതർ തീർത്ഥാടകർക്ക് ദിശ സൂചിപ്പിക്കുന്നതിന് ബോർഡുകൾ സ്ഥാപിച്ചിട്ടുമില്ല. തീർഥാടക വാഹനങ്ങൾ ഗതാഗത കുരക്കിലകപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.
ദിശാബോർഡുകൾ സ്ഥാപിച്ച് ഓട്ടോ ഡ്രൈവർ
മാള: അജയൻ പതിവ് തെറ്റിച്ചില്ല, കർക്കടക പുലരിയിൽ ഉണർന്നെഴുന്നേറ്റ് കുളിച്ചു ശുദ്ധിയായി സ്വന്തം ഓട്ടോയുമായി ടൗണിൽ എത്തി.നേരത്തേ എഴുതി സൂക്ഷിച്ച ദിശാബോർഡുകൾ ഓട്ടോയിൽ നിന്നെടുത്ത് വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. നാലമ്പല യാത്രക്കാരുടെ സുഗമമായ യാത്രക്ക് വേണ്ടിയാണ് ഓട്ടോഡ്രൈവറായ പൂപ്പത്തി പറകുളത്ത് അജയൻ ദിശാബോർഡുകൾ സ്ഥാപിക്കുന്നത്. മാള ടൗൺ വഴി നാലമ്പല ദർശനത്തിന് പോകുന്നവർക്ക് ബോർഡുകൾ ഉപകരിക്കുന്നുണ്ട്. നാലമ്പല യാത്രക്കാർ എത്തുന്നത് മാള വഴിയാണ്. മാളയിലേക്ക് കടന്നുവരുന്ന വാഹനങ്ങൾ മാള പ്രദേശത്തുതന്നെ വഴിതെറ്റി ചുറ്റിതിരിയുക സാധാരണമാണ്.
പരിചയമില്ലാത്ത ഡ്രൈവർമാർക്ക് ദിശ ബോർഡുകളുടെ സഹായം ഉണ്ടെങ്കിൽ എളുപ്പത്തിൽ കടന്നുപോകാൻ കഴിയും. പലവട്ടം ആവശ്യപ്പെട്ടിട്ടും അധികൃതർ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ഇതാണ് ഇത്തവണയും അജയൻ പതിവ് തെറ്റിക്കാതെ തന്റെ സേവനം നടത്തിയത്. ബോർഡും പെയിൻറും വാങ്ങാൻ സ്വന്തം പണമെടുത്താണ് ഈ സേവനം. മാളയിൽ പത്തോളം ബോർഡുകളാണ് സ്ഥാപിച്ചത്. നേരത്തേ റോഡിൽ സീബ്രാലൈനുകൾ വരച്ചും അപകട മുന്നറിയിപ്പ് സിഗ്നലുകൾ സ്ഥാപിച്ചും അജയൻ മാതൃകയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.