മിടിപ്പിന്റെ 24 മണിക്കൂർ; തുടിപ്പിന്റെ 24ാം വര്‍ഷത്തിൽ
text_fieldsതൃശൂർ: ‘റോഡ് അപകടങ്ങളില്‍ 24 മണിക്കൂറും സൗജന്യ ആംബുലന്‍സ് സേവനം’ - സമാനതകളില്ലാത്ത, വെല്ലുവിളികള്‍ നിറഞ്ഞ ഒരു ചിന്തയില്‍നിന്നായിരുന്നു ആ തുടക്കം. ഓരോ നിമിഷവും ഒരുപാട് ജീവനുകള്‍ക്ക് വേണ്ടിയുള്ള മിടിപ്പാണെന്ന് തെളിയിച്ച വിലപ്പെട്ട മണിക്കൂറുകള്‍.
നിലക്കാത്ത തുടിപ്പുമായി സന്നദ്ധ സേവനത്തിന്റെ 24ാം വയസ്സിലേക്ക് കടക്കുകയാണ് ‘ആക്ട്സ്’ (ആക്സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് സർവിസ്) എന്ന ജീവന സംസ്കാരം. കിഡ്നി ഫെഡറേഷൻ സ്ഥാപകൻ കൂടിയായ ഫാ. ഡേവിസ് ചിറമലിന്റെ ആശയവും നേതൃത്വവുമാണ് ആക്ട്സായി രൂപാന്തരപ്പെട്ടത്. 2000 മേയ് എട്ടിന് തൃശൂര്‍ ആമ്പക്കാടന്‍ ജങ്ഷനിലെ കൊച്ചു ഓഫിസ് മുറിയില്‍നിന്നാണ് ആക്ട്സിന് തുടക്കമിടുന്നത്.
വാഹനാപകടങ്ങളില്‍ 24 മണിക്കൂറും സൗജന്യ ആംബുലന്‍സ് സേവനം ലക്ഷ്യമിടുമ്പോള്‍ ഒരു ആംബുലന്‍സ് മാത്രമാണുണ്ടായിരുന്നത്. ജില്ല കലക്ടർ പ്രസിഡന്റും പൊലീസ് കമീഷണർ വൈസ് പ്രസിഡന്റായുമുള്ളതാണ് ഇതിന്റെ പ്രവർത്തനം. ‘നിഷ്കാമ കര്‍മ’ എന്ന ലക്ഷ്യപ്രയാണത്തിലേക്ക് മാര്‍ഗം തടസ്സമായില്ല.
സന്നദ്ധ സേവനം ചവിട്ടുപടിയാക്കി ആക്ട്സ് വളര്‍ന്നു പന്തലിച്ചു. നിലവില്‍ ജില്ലയില്‍ 17 ശാഖകളും 21 ആംബുലന്‍സുകളും പതിനായിരക്കണക്കിന് വളന്റിയർമാരും കണക്കെടുക്കാനാകാത്ത രക്ഷപ്രവര്‍ത്തനങ്ങളുടെ പൊന്‍തൂവലും.
ആക്ട്സിന്റെ രക്ഷദൗത്യങ്ങള് ജില്ലയില്‍ മാത്രം ഒതുങ്ങിനിന്നില്ല. രൂപവത്കരിച്ച് ഒരു വര്‍ഷത്തിനകം തന്നെ കടലുണ്ടി ട്രെയിന്‍ അപകട സ്ഥലത്തേക്കും 2011 ജനുവരിയില്‍ ശബരിമല പുല്ലുമേട് ദുരന്തസ്ഥലത്തേക്കും ആ രക്ഷകരങ്ങള് നീണ്ടു. ഒന്നര പതിറ്റാണ്ടിലധികമായി തൃശൂർ പൂരനാളില്‍ രക്ഷപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമാണ് ആക്ട്സ്.
ഇക്കഴിഞ്ഞ തൃശൂര്‍പൂരം മുതല്‍ പുതിയൊരു സേവനമുഖവും ഇവർ തുറന്നു. വിശന്നുവലയുന്ന അരലക്ഷത്തോളം പേര്‍ക്കാണ് ഇത്തവണ സൗജന്യമായി ചപ്പാത്തിയും കറിയും അടക്കം ഭക്ഷണം വിളമ്പിയത്. എട്ടു വര്‍ഷമായി രാപ്പകല്‍ വ്യത്യാസമില്ലാതെ ആക്ട്സിന്റെ തൃശൂര്‍ പ്രധാന ഓഫിസിൽ വിശന്ന് വലഞ്ഞെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. കേച്ചേരി ശാഖയിൽ ആറു വര്‍ഷമായി പ്രത്യേകം ഫിസിയോതെറപ്പി യൂനിറ്റും സൗജന്യമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പകച്ചുനിന്ന 2018ലെ പ്രളയകാലത്ത് ആക്ട്സിന്റെ എല്ലാ ആംബുലന്‍സുകളും പ്രവര്‍ത്തകരും രക്ഷപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. കോവിഡ് കാലത്ത് ആരോഗ്യവകുപ്പിന് കീഴിലും ആംബുലന്‍സുകള്‍ സേവനരംഗത്ത് പങ്കാളികളായി. ലോക്ഡൗണ്‍ കാലത്ത് കോര്‍പറേഷനുമായി സഹകരിച്ച് തെരുവില്‍ കഴിയുന്നവർക്ക് തുടര്‍ച്ചയായി 45 ദിവസം പ്രത്യേക കരുതല്‍ ക്യാമ്പും പ്രവര്‍ത്തിപ്പിച്ചു.
അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് അതിനെ തുടർന്നുണ്ടാകുന്ന കേസിന്റെ നൂലാമാലകളും നിയമനടപടികളും ഒഴിവാക്കാൻ കൈക്കൊള്ളേണ്ട കാര്യങ്ങൾ സംബന്ധിച്ച് പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച സ്കന്ദൻ കമ്മിറ്റി ആക്ട്സിന്റെ പ്രവർത്തനങ്ങൾ മാതൃകയായി ശിപാർശ ചെയ്തതാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
സ്ഥാപക ദിനാഘോഷം ഇന്ന്
ആക്ട്സിന്റെ സ്ഥാപക ദിനം തിങ്കളാഴ്ച ആഘോഷിക്കും. രാവിലെ ഒമ്പതിന് ജില്ല ഓഫിസിലും ശാഖ ഓഫിസുകളിലും പതാക ഉയര്‍ത്തും. മധുരവും വിതരണം ചെയ്യും. വൈകീട്ട് നാലിന് തൃശൂര്‍ ഹെഡ് ഓഫിസില്‍ പി. ബാലചന്ദ്രന് എം.എല്‍.എ ആഘോഷങ്ങളുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കും. ആക്ട്സ് വര്‍ക്കിങ് പ്രസിഡന്റും മേയറുമായ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.