ആദിവാസി മൂപ്പന് മർദനം; മലക്കപ്പാറയിൽ പ്രതിഷേധം പടരുന്നു
text_fieldsചാലക്കുടി: മലക്കപ്പാറ വീരാൻകുടി ആദിവാസി കോളനി മൂപ്പനെയും കൂടെയുള്ളവരെയും വനപാലകർ മർദിച്ചതിൽ പ്രതിഷേധം പടരുന്നു.വയോധികനായ ആദിവാസി മൂപ്പനെയും മറ്റും നിർദയം മർദിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മലക്കപ്പാറയിൽ സി.പി.എം പ്രതിഷേധയോഗം ചേർന്നു.
പരിക്കേറ്റ് അവശനായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുളള ഊരുമൂപ്പൻ വീരനെ (82) സംസ്ഥാന പട്ടികജാതി, വർഗ കമീഷൻ അംഗം ടി.കെ. വാസു അടക്കമുള്ളവർ ശനിയാഴ്ച രാവിലെ സന്ദർശിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം ബി.ഡി. ദേവസി, പട്ടികജാതി ക്ഷേമസമിതി അംഗങ്ങൾ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഞണ്ടുചുട്ടാംപാറയിൽ വെള്ളിയാഴ്ച വൈകീട്ടാണ് വനപാലകസംഘം ആദിവാസികളെ മർദിച്ചത്.
ചുറ്റുമുള്ളവരെ ഭയപ്പെടുത്തി ഓടിക്കുകയും തറയിൽ കിടക്കുകയായിരുന്ന വയോധികനായ ആദിവാസി മൂപ്പനെ തലക്കടിക്കുകയും മുളവടി കൊണ്ട് ശരീരത്തിൽ പൊതിരെ തല്ലുകയും ചെയ്തു. കൊടിക്കാലുകൾ പിഴുതെറിയുകയും കൊടികളും തുണികളും മറ്റും കത്തിക്കുകയും ചെയ്തു. പരിക്കേറ്റ ഊരുമൂപ്പനെ രാത്രിയിൽ മറ്റുള്ളവർ ചേർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞണ്ടു ചുട്ടാമ്പാറ പ്രദേശത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ടായിരുന്നു വനപാലകരുടെ മർദനം.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി വീരാൻകുടിയിലെ മുതുവർ വിഭാഗത്തിൽപ്പെട്ട 28 ഓളം പേരടങ്ങുന്ന കോളനിക്കാർ ഞണ്ടു ചുട്ടാമ്പാറ മേഖലയിലെ പാറപ്പുറത്ത് താമസിച്ച് വരികയായിരുന്നു. സ്വന്തമായി താമസയോഗ്യമായ സ്ഥലം അനുവദിച്ച് തരണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടിയായിരുന്നു അത്. ഇവർ പ്രതിഷേധം തുടങ്ങിയപ്പോൾ കൊടികുത്തി സി.പി.എം പിന്തുണ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇവരോട് ഇവിടെനിന്ന് ഒഴിഞ്ഞ് പോകണമെന്ന് വനപാലകർ ആവശ്യപ്പെട്ടിരുന്നു. ഇത് ചെവി കൊള്ളാത്തതിനെ തുടർന്നാണ് വനപാലകർ ഇവർക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്.
2018 മുതലാണ് തൃശൂർ-എറണാകുളം അതിർത്തിയിലുള്ള വീരാൻകുടി കോളനിക്കാർ പുതിയ താമസ സ്ഥലം ആവശ്യപ്പെടാൻ തുടങ്ങിയത്. പ്രളയകാലത്ത് മണ്ണിടിച്ചിൽ വന്ന് ഇവരുടെ താമസസ്ഥലം അലങ്കോലമാകുകയായിരുന്നു. മഴക്കാലമാകുമ്പോൾ വീരാൻകുടി ഉപേക്ഷിച്ച് കാട്ടിൽ പാറപ്പുറത്ത് വന്ന് കുടിൽ കെട്ടി താമസിക്കാൻ തുടങ്ങി. നിരന്തരമായ പരാതിയെ തുടർന്ന് കലക്ടർ ഇവർക്ക് പുതിയ താമസ സ്ഥലം അനുവദിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ നടപടിയായില്ല. ഇതോടെ ഇവർ നാളുകളായി പ്രതിഷേധ മാർഗത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.