ആദിവാസി യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിട്ടുകൊടുത്തില്ല; മുക്കംപുഴയിൽ സംഘർഷാവസ്ഥ
text_fieldsഅതിരപ്പിള്ളി: സംശയ സാഹചര്യത്തിൽ മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം പൊലീസിന് വിട്ടുകൊടുക്കാത്തതിനെ തുടർന്ന് മുക്കംപുഴയിൽ സംഘർഷാവസ്ഥ. മുക്കംപുഴ ഊരിലെ അപ്പുണ്ണിയുടെ ഭാര്യ വിനീത (49) ആണ് മരിച്ചത്.
റിസർവോയറിനപ്പുറത്ത് പറമ്പിക്കുളത്തിന് സമീപത്തെ അമ്പലപെരടി എന്ന സ്ഥലത്ത് വനവിഭവങ്ങൾ ശേഖരിക്കാൻ ഷെഡ് കെട്ടി താമസിക്കുന്ന ബന്ധുക്കളുടെ സമീപത്ത് ഭർത്താവുമൊത്ത് എത്തിയപ്പോഴാണ് വിനിത മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് പുലർച്ചെ മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനെ തുടർന്ന് മൃതദേഹം ബോട്ടിൽ കയറ്റി മുക്കംപുഴയിൽ എത്തിക്കുകയായിരുന്നു. സംസ്കരിക്കാനുള്ള നീക്കത്തിനിടയിലാണ് വിവരം അറിഞ്ഞ മലക്കപ്പാറ പൊലീസും വനപാലകരും മുക്കംപുഴയിലെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ വിട്ടുകൊടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ, മദ്യലഹരിയിലായിരുന്ന ചില ബന്ധുക്കൾ ക്ഷുഭിതരായി വിട്ടുകൊടുക്കില്ലെന്ന് ആയുധങ്ങളെടുത്ത് എതിർപ്പു പ്രകടിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്. ഇതിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായി.
ഒടുവിൽ പട്ടികവർഗ പ്രമോട്ടർ അടക്കമുള്ളവർ അവരെ അനുനയിപ്പിച്ച് മൃതദേഹം കൊണ്ടുപോവുകയായിരുന്നു. ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.