ആഗോളവത്കരണത്തിന്‍റെ വരവോടെ സ്ത്രീകൾക്കെതിരെ അതിക്രമം വർധിച്ചു -ആനി രാജ
text_fieldsഇരിങ്ങാലക്കുട: ആഗോളവത്കരണത്തിന്‍റെ വരവോടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചതായി സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ആനി രാജ. അതിക്രമം തടയാനുള്ള സംവിധാനം ഒരു രാജ്യത്തിലുമില്ലെന്നും സർക്കാറുകൾ വിഷയം അവഗണിക്കുകയാണെന്നും ആനി രാജ പറഞ്ഞു. സി.പി.ഐ ജില്ല സമ്മേളനത്തിന് മുന്നോടിയായി 'ആഗോളീകരണ കാലത്തെ സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ' വിഷയത്തിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച വനിത സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അതിക്രമങ്ങൾ വർധിച്ചതിനോടൊപ്പം തന്നെ തൊഴിൽ മേഖലയിൽനിന്ന് സ്ത്രീകൾ അപ്രത്യക്ഷരാകുകയാണ്. പതിനഞ്ചിനും നാൽപതിനുമിടക്കുള്ള സ്ത്രീകളിൽ 67 ശതമാനവും പോഷകാഹാരക്കുറവിനെ തുടർന്നുള്ള വിളർച്ച നേരിടുന്നതായിട്ടാണ് ഔദ്യോഗിക കണക്ക്. കുഞ്ഞുങ്ങളിലുള്ള വിളർച്ച കൂടുതൽ ഉള്ളത് ഗുജറാത്തിലാണ്. ആഗോളവത്കരണത്തിനുശേഷമാണ് റേഷൻ വ്യവസ്ഥ അട്ടിമറിച്ചതും പൊതു വിദ്യാലയങ്ങളിലേക്കും അംഗൻവാടികളിലേക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചതെന്നും ആനി രാജ പറഞ്ഞു. ഗുജറാത്ത് കലാപത്തിലെ ഇരകൾക്കുവേണ്ടി പോരാടിയവർ വരെ ഇന്ന് നിയമ നടപടികൾ നേരിട്ട് കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
നവലിബറൽ കാലഘട്ടത്തിൽ നാനാമുഖങ്ങളായ യാതനകളിലൂടെയാണ് സ്ത്രീകൾ കടന്നുപോകുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു ചൂണ്ടിക്കാട്ടി. ജന്മിത്ത വ്യവസ്ഥ സ്ത്രീകളെ വീട്ടിലെ അടിമകളായി നിലനിർത്തിയെങ്കിൽ, മുതലാളിത്ത വിപണിയിൽ സ്ത്രീകൾ ചരക്കുകൾ ആയിട്ടാണ് കാണുന്നത്.
ദേശീയ സമരത്തിൽ സാന്നിധ്യം തെളിയിച്ച സ്ത്രീകളുടെ അവസ്ഥ രാജ്യം സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുന്ന വേളയിൽ വിലയിരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഷീല വിജയകുമാർ അധ്യക്ഷയായിരുന്നു. മുൻമന്ത്രി വി.എസ്. സുനിൽകുമാർ, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, അഡ്വ. ടി.ആർ. രമേഷ്കുമാർ, കെ. ശ്രീകുമാർ, ടി. കെ. സുധീഷ്, ഷീല അജയഘോഷ്, ലത സഹദേവൻ, അനിത രാധാകൃഷ്ണൻ, മുൻ എം.എൽ.എ ഗീത ഗോപി തുടങ്ങിയവർ പങ്കെടുത്തു. മഹിള സംഘം ജില്ല സെക്രട്ടറി എം. സ്വർണലത സ്വാഗതവും സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.