ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനമേറി, ജനങ്ങളുടെ ആശങ്കയും
text_fieldsമതിലകം: ആഫ്രിക്കൻ ഒച്ച് വൻതോതിൽ പെരുകിയതോടെ ജനം ആശങ്കയിൽ. വീട്ടുവളപ്പിലും മരത്തിലും മതിലിലും റോഡുകളിലുമെല്ലാം ഒച്ച് നിറയുകയാണ്. നേരം പുലരുമ്പോൾ ദേശീയ പാതയിലും ഇവയുടെ സാന്നിധ്യം പ്രകടമാണ്. പച്ചക്കറിയും ചെടികളും വാഴയുമെല്ലാം ഇവ നശിപ്പിക്കുകയാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി തീരദേശ മേഖലയിലെ ശ്രീനാരായണപുരം, മതിലകം പഞ്ചായത്തുകളിൽ ഒച്ച് ശല്യം രൂക്ഷമാണ്. മതിലകം പടിഞ്ഞാറൻ മേഖലയിൽ വൻതോതിൽ ഒച്ച് വ്യാപിച്ചുകഴിഞ്ഞു. മൊണാഷോഡെസ് വിസിനസ് ഇനത്തിൽ പെട്ട ചെറുതരം ഒച്ചുകളാണ് ഇവിടങ്ങളിലുള്ളത്. തീരമേഖലയിൽ ആഫ്രിക്കൻ ഒച്ചുകൾ കാണപ്പെടുന്നുണ്ടെങ്കിലും ശ്രീനാരായണപുരത്തും മതിലകത്തും കണ്ടെത്തിയ ഒച്ചുകൾ ഇവയിൽനിന്ന് വ്യത്യസ്തമാണെന്ന് പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് മതിലകം താറാഞ്ചേരിയിലെ ഒരു കമ്പനിയുടെ പരിസരത്താണ് ഒറ്റപ്പെട്ട ആഫ്രിക്കൻ ഒച്ചുകളെ കണ്ടുതുടങ്ങിയത്. പൊടുന്നനെയായിരുന്നു ഇവയുടെ വ്യാപനം.
നാട്ടുകാരുടെ മുറവിളി ഉയർന്നതോടെ മണ്ണുത്തി കാർഷിക സർവകലാശാല വിദഗ്ധരെത്തിയെങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ല. ഒച്ചുകൾ പെരുകുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഉപ്പ് വിതറിയാണ് ഒരു പരിധിവരെ നാട്ടുകാർ ഒച്ചിന്റെ ശല്യം തടയുന്നത്. വിഷയത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.