ഹൈകോടതി ഉത്തരവ് വന്നിട്ട് രണ്ടാമത്തെ പൂരം എത്തി; ഇപ്പോഴും നടപ്പാത ടൈൽ വിരിച്ചില്ല
text_fieldsതൃശൂർ: സ്വരാജ് റൗണ്ടിലെ പൂരപ്പറമ്പിന് പുറത്തുള്ള നടപ്പാതയിൽ കുട്ടികളുടെ പാർക്ക് മുതൽ ഭൂഗർഭപാത വരെയുള്ള 500 മീറ്റർ ദൂരം ടൈൽ വിരിക്കണമെന്ന ഹൈകോടതി ഉത്തരവ് ഇതുവരെ നടപ്പായില്ല. കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹരജിയിൽ ജസ്റ്റിസ് അനു ശിവരാമൻ 2023 ഏപ്രിൽ 13ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ എത്രയും പെട്ടെന്ന് നടപടി കൈക്കൊള്ളണമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
കഴിഞ്ഞ വർഷത്തെ പൂരത്തിന് മുമ്പ് നടപ്പാതയുടെ പണി പൂർത്തിയാക്കാൻ കഴിയുമായിരുന്നിട്ടും ചെയ്യാത്ത സാഹചര്യത്തിൽ ഷാജി കോടങ്കണ്ടത്ത് കോടതിയലക്ഷ്യ ഹരജി നൽകിയിരുന്നു. പണി പൂർത്തിയാക്കാത്തതിന് വിശദീകരണം ബോധിപ്പിക്കാൻ അന്ന് കോടതി ആവശ്യപ്പെട്ടതുപ്രകാരം കോർപറേഷൻ സെക്രട്ടറി സത്യവാങ്ങ്മൂലം സമർപ്പിച്ചു.
ടൈൽ വിരിക്കാൻ പൊതുമരാമത്ത് കമ്മിറ്റി തീരുമാനിക്കുകയും കോർപറേഷൻ കൗൺസിൽ അംഗീകരിക്കുകയും ചെയ്തെന്നും അക്കാര്യം കൊച്ചിൻ ദേവസ്വം ബോർഡിനെ അറിയിച്ചെന്നുമാണ് സത്യവാങ്മൂലത്തിൽ പറഞ്ഞത്. എന്നാൽ, ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് അറിയിപ്പ് ലഭിക്കാത്തതിനാലാണ് ടൈൽ വിരിക്കാത്തതെന്നും അനുമതി ലഭിച്ചാൽ ഉടൻ ചെയ്യുമെന്നും അതിൽ പറഞ്ഞിരുന്നു.
ഇതിനെ തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ടൈൽ വിരിക്കാൻ അനുമതി നൽകി. ഈ സാഹചര്യത്തിൽ കോർപറേഷൻ ഉടൻ പണി നടത്താമെന്ന് ഹൈകോടതിയെ അറിയിച്ചതനുസരിച്ച് കേസ് തീർപ്പാക്കിയിരുന്നു. എന്നാൽ, പണി നടത്താൻ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും ഏറ്റെടുക്കുന്നില്ലെന്നാണ് കോർപറേഷൻ ന്യായം പറയുന്നതെന്ന് ഷാജി കോടങ്കണ്ടത്ത് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.