വീണ്ടുമെത്തി, തൃശൂരിന്‍റെ രുചിപ്പെരുമ
text_fieldsതൃശൂർ: കോവിഡ് തീർത്ത രണ്ടുവർഷത്തെ ഇടവേളക്കുശേഷം തൃശൂരിന്‍റെ തനത് നോമ്പുതുറ രുചിപ്പെരുമ വീണ്ടുമെത്തി. 41 വർഷമായി ചെട്ടിയങ്ങാടി ഹനഫി മസ്ജിദിൽ ആയിരങ്ങൾ നോമ്പുതുറക്കുന്നത് ഔഷധ വിഭവമായ മസാലക്കഞ്ഞികൊണ്ടാണ്. തിരുനൽവേലി സ്വദേശിയായ ഖത്തീബ് ശൈഖ് മിസ്ബാഹിയാണ് പ്രത്യേക രസക്കൂട്ടുള്ള കഞ്ഞി പതിറ്റാണ്ടുകൾക്ക് മുമ്പ് തൃശൂരിന് പരിചയപ്പെടുത്തിയത്. അന്നുമുതൽ ഇന്നുവരെ അദ്ദേഹം നൽകിയ രഹസ്യ രസക്കൂട്ടിലാണ് ഹനഫി മസ്ജിദിൽ മസാലക്കഞ്ഞി ഒരുക്കുന്നത്. മസ്ജിദിലെ മുൻ മുക്രി കെ.ബി. സിദ്ദീഖ് ഹാജി 34 വർഷം മുമ്പ് കൈപിടിച്ച് പള്ളിയിലേക്കെത്തിച്ച 14കാരൻ മുടിക്കോട് യാറത്തിങ്കൽ വീട്ടിൽ റഫീഖ് 50ന്‍റെ നിറവിൽ തികഞ്ഞ പാചകക്കാരനാണ്. റമദാൻ പിറ കണ്ടാൽ ഓട്ടോതൊഴിലാളിയായ റഫീഖിന് തുടർന്ന് ഒരുമാസം ചെട്ടിയങ്ങാടി മസ്ജിദിൽ നോമ്പുതുറക്ക് എത്തുന്നവർക്ക് കഞ്ഞി ഒരുക്കലാണ് നിയോഗം.
ഉലുവയും കസ്കസും ഗ്രാമ്പൂവും ഏലക്കയും വെളുത്തുള്ളിയും ഇഞ്ചിയും സവാളയും തക്കാളിയും അടക്കം 21 കൂട്ടുകൾ. ഇവ ബസുമതി അരിയുമായി കൂട്ടിക്കുഴച്ച് തിളച്ചുമറിയുമ്പോൾ വേറിട്ട രുചിയുമായി ആരോഗ്യകരമായ വിഭവം രൂപപ്പെടും. വിശേഷ ദിവസങ്ങളിൽ മസാലക്കഞ്ഞിയിൽ ആട്ടിറച്ചി ചേർക്കുന്നതോടെ ഇത് ബിരിയാണിക്കഞ്ഞിയാവും. 90 കിലോ ബസുമതി അരിയാണ് ദിനേന ഉപയോഗിക്കുക. പുലർച്ച നാലിന് തുടങ്ങുന്ന മസാലക്കഞ്ഞി തയാറാക്കൽ രാവിലെ 10ഓടെ തീരും. തുടർന്ന് ദമ്മിട്ട് വൈകീട്ട് നാലുവരെ ചെറുചൂടിൽ വെന്ത് പാകമാവുമ്പേൾ പ്രദേശത്താക്കെ വാസന പരക്കും. ഇതോടെ സമീപ കടക്കാരും അടുത്ത വീട്ടുകാരും പാത്രവുമായി എത്തും. അവർക്ക് കഞ്ഞി വിളമ്പിക്കഴിയുമ്പോഴേക്കും നോമ്പുതുറക്ക് സമയമാവും. പിന്നെ എല്ലാവരും കൂടി മസാലക്കഞ്ഞിയിൽ നോമ്പുതുറന്ന് നമസ്കരിച്ച് മസ്ജിദ് വിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.