വന്യമൃഗശല്യത്തിന് കൃഷിവകുപ്പ് നഷ്ടപരിഹാരം നൽകും -മന്ത്രി പി. പ്രസാദ്
text_fieldsഅതിരപ്പിള്ളി: വന്യമൃഗശല്യത്തിന് നഷ്ടപരിഹാരം നൽകാൻ കൃഷിവകുപ്പ് 10 കോടി രൂപ നീക്കിവെച്ചതായി കൃഷി മന്ത്രി പി. പ്രസാദ്. സംസ്ഥാനത്ത് ഇതാദ്യമായാണ് നഷ്ടപരിഹാരത്തിന് കൃഷിവകുപ്പ് തുക നീക്കിവെക്കുന്നതെന്നും അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതിയുടെ പ്രോസസിങ് യൂനിറ്റ് ഉദ്ഘാടനം ചെയ്യവെ മന്ത്രി പറഞ്ഞു.
വന്യമൃഗങ്ങൾ കൃഷിയിടങ്ങൾ കൂടിയാണ് നശിപ്പിക്കുന്നതെന്നതിനാലാണ് നഷ്ടപരിഹാരം നൽകാൻ കൃഷിവകുപ്പ് തീരുമാനിച്ചത്. അതിരപ്പിള്ളിയിലുള്ളവർക്ക് ഇതിന്റെ വിഹിതം വൈകാതെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. റെയിൻഫോറസ്റ്റ് അന്താരാഷ്ട്ര അംഗീകാരം അതിരപ്പിള്ളി ട്രൈബൽ വാലിയുടെ ഉൽപന്നങ്ങൾക്ക് ലഭിച്ചുവെന്നത് അഭിമാനകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിൽ ആദ്യമായാണ് ഇത്തരം ഉൽപന്നത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. തെക്കേ ഇന്ത്യയിൽതന്നെ ആദ്യമായാണ് ആദിവാസി കർഷക കൂട്ടായ്മക്ക് ഈ അംഗീകാരം ലഭിക്കുന്നത്. കേരള അഗ്രോ അംഗീകാരം മുമ്പേതന്നെ ഉൽപന്നങ്ങൾക്ക് ലഭിച്ചിരുന്നു. ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും അതിരപ്പിള്ളിയുടെ ഉൽപന്നം ആവശ്യക്കാരിലെത്തും. ഇവരുടെ നഴ്സറിയിലൂടെ 25 ലക്ഷം രൂപ വരുമാനമുണ്ടാക്കിയെന്നത് മറ്റൊരു നേട്ടമാണ്.
ഈ പ്രസ്ഥാനം ഇനിയും വിപുലീകരിച്ച് മുന്നോട്ട് കൊണ്ടു പോകണം. പദ്ധതി നിർവഹണം രണ്ടുവർഷം കൂടി നീട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അരൂർമുഴിയിലെ അതിരപ്പിള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷനായി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, കെ.എൽ.ഡി.സി ചെയർമാൻ പി.വി. സത്യനേശൻ എന്നിവർ മുഖ്യാതിഥികളായി. കാർഷിക ഉൽപാദക കമീഷണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി. അശോക് പദ്ധതി വിശദീകരിച്ചു.
ജോർജ് സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ സെക്രട്ടറി പി. അശോക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജൻ, വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ, ജില്ല പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ മീന മാത്യു, ജനപ്രതിനിധികളായ ഷാന്റി ജോസഫ്, കെ.കെ. റിജേഷ്, അഷിത രമേശ്, സരസ്വതി വിജയാനന്ദ്, സി.സി. കൃഷ്ണൻ, വിവിധ ഊരുമൂപ്പന്മാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.