അർഹരായവരെല്ലാം റേഷൻ ഗുണഭോക്തൃ പട്ടികയിലേക്ക്; അർഹതയുള്ളവരില്ലാതെ 12,000 കാർഡുകൾ
text_fieldsതൃശൂർ: കേരളത്തിൽ അർഹരായ എല്ലാവരും റേഷൻ ഗുണഭോക്തൃ പട്ടികയിൽ ഇടം പിടിക്കുന്നു. അർഹരായവർ ഇല്ലാത്തതിനാൽ 12,134 കാർഡുകൾ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനാവാതെ ഒഴിഞ്ഞുകിടക്കുന്നു.
ഗുണഭോക്തൃ പട്ടികയിൽ ഇടം പിടിക്കാൻ ജൂലൈ 31 വരെ ലഭിച്ച അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കിയ മുഴുവൻ േപരെയും ഉൾപ്പെടുത്തുന്ന നടപടിക്ക് തിങ്കളാഴ്ചയാണ് പൊതുവിതരണ വകുപ്പ് തുടക്കമിട്ടത്. ഇതിെൻറ ഭാഗമായി 1,19,866 കാർഡുകൾ പുതുതായി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടും. അനർഹരെ പുറത്താക്കുന്ന നടപടിയുടെ ഭാഗമായി ഒരു ലക്ഷം പേരാണ് കാർഡുകൾ മാറ്റിയത്. പരിശോധന നടത്തി 32,000 പേരെ അന്ത്യോദയ (മഞ്ഞ), മുൻഗണന (പിങ്ക്) കാർഡുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
ഇതനുസരിച്ച് 1,32,000 അനർഹ കാർഡ് ഉടമകളെ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി. അതേസമയം ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ ലഭിച്ച അപേക്ഷകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ മാനദണ്ഡമനുസരിച്ച് 1,19, 866 കാർഡുകളാണ് അർഹത നേടിയത്. അർഹരായവരില്ലാത്തതിനാൽ ബാക്കി 12,134 കാർഡുകൾക്ക് പുതിയ അവകാശികളെ തേടുകയാണ് വകുപ്പ്. അർഹരായ 1,19, 866 കാർഡുകൾ കൂടി എത്തുന്നത് ചരിത്രവുമാണ്.
2017ൽ ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതിക്ക് തുടക്കമിട്ട ശേഷം ഇത്രയും പേരെ ഒറ്റയടിക്ക് ഉൾപ്പെടുത്തുന്നത് ഇതാദ്യമാണ്.
ആഗസ്റ്റ് മുതൽ വന്ന അപേക്ഷകളിൽ അർഹരെ കണ്ടെത്തി ബാക്കിയുള്ള കാർഡുകൾ നൽകുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഗുരുതര രോഗികളും ഭിന്നശേഷിക്കാരും അടക്കമുള്ളവർക്ക് മുന്തിയ പരിഗണന നൽകി ഇത്തരക്കാരെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.