നിയമനം സി.പി.എം അട്ടിമറിക്കുന്നുവെന്ന്; തളിക്കുളത്ത് അംഗൻവാടി ഹെൽപർമാരുടെ അഭിമുഖം തടഞ്ഞു
text_fieldsതളിക്കുളം: സി.പി.എം നിയമനം അട്ടിമറിക്കുകയാണെന്നാരോപിച്ച് തളിക്കുളം ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നടന്ന അംഗൻവാടി ഹെൽപർമാരുടെ അഭിമുഖം കോൺഗ്രസ്, ബി.ജെ.പി, ആർ.പി.ഐ അംഗങ്ങൾ തടഞ്ഞു.
തളിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മെഹബൂബ്, അംഗങ്ങളായ ബിന്നി അറക്കൽ ഷാജി ആലുങ്ങൽ, വിനയം പ്രസാദ്, ജിജാ രാധാകൃഷ്ണൻ, എന്നിവരും ബ്ലോക്ക് പഞ്ചായത്ത് അംഗം ബഗേഷ് പൂരാടൻ എന്നിവരും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമാണ് പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്.
തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ തളിക്കുളം ഗ്രാമപഞ്ചായത്ത് ഹാളിലാണ് അഭിമുഖം നടത്താൻ തീരുമാനിച്ചിരുന്നത്. പ്രതിഷേധത്തെ തുടർന്ന് ഉച്ചക്ക് ശേഷം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് അഭിമുഖം മാറ്റിയെങ്കിലും അവിടെയും പ്രതിഷേധം മൂലം അഭിമുഖം നടന്നില്ല. തർക്കമായതോടെ പൊലീസും എത്തി.
കോൺഗ്രസും ബി.ജെ.പിയും ആർ.എം.പിയും ഒന്നിച്ചെത്തി ഇൻറർവ്യൂവിന് തടസ്സം സൃഷ്ടിക്കുകയായിരുന്നുവെന്ന് തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ആരോപിച്ചു. ബ്ലോക്ക് ഭരണസമിതി തെരഞ്ഞെടുത്ത അംഗത്തെ ഇൻറർവ്യൂ ബോർഡിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇൻറർവ്യൂ തുടർച്ചയായി തടസ്സപ്പെടുത്തുകയാണെന്നും ആരോപിച്ചു.
അതേസമയം, സെലക്ഷൻ കമ്മറ്റിയിൽ നിന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തെരഞ്ഞെടുത്ത ബ്ലോക്ക് പഞ്ചായത്ത് അംഗം കോൺഗ്രസിലെ ലിന്റ സുഭാഷ് ചന്ദ്രനെ ഒഴിവാക്കുകയും സെലക്ഷൻ കമ്മിറ്റി രൂപവത്കരിക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്ത് അംഗമല്ലാത്ത വി.കലയെ സെലക്ഷൻ കമ്മിറ്റിയിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ അനുമതിയില്ലാതെ ഉൾപ്പെടുത്തി നിയമനം അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് തളിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എസ്.സുൽഫിക്കർ ആരോപിച്ചു. സെലക്ഷൻ കമ്മിറ്റി സി.പി.എം രാഷ്ട്രീയവത്കരിക്കുന്നതായി ബി.ജെ പി യും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.