റേഷൻ വാങ്ങാത്തവർ കൂടി; മുൻഗണനയിൽനിന്ന് പുറത്തായവർ ആറായിരത്തിലേറെ
text_fieldsതൃശൂർ: റേഷൻ വാങ്ങാത്തവരുടെ എണ്ണം ജില്ലയിൽ കൂടി. ഒടുവിലെ കണക്ക് പ്രകാരം മുൻഗണന പട്ടികയിൽനിന്ന് പുറത്തായത് ആറായിരത്തിലേറെ പേർ. പുറത്താക്കപ്പെട്ടവരുടെ പട്ടികയിൽ എറണാകുളത്തിനും തിരുവനന്തപുരത്തിനും പിറകിൽ മൂന്നാം സ്ഥാനമാണ് തൃശൂരിന്. 6865പേരാണ് മുൻഗണന പട്ടികയിൽനിന്ന് പുറത്തായത്. മൂന്ന് മാസം തുടർച്ചയായി റേഷൻ വാങ്ങാതിരുന്നാൽ കാരണം ആരായുകയും തുടർന്ന് മുൻഗണന പട്ടികയിൽനിന്ന് അയോഗ്യരാക്കുകയും ചെയ്യും.
അനർഹമായി മുൻഗണന പട്ടികയിൽ കയറിക്കൂടിയവരെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന സർക്കാർ നിർദേശപ്രകാരം സിവിൽ സപ്ലൈസ് വകുപ്പ് ‘ഓപറേഷൻ യെല്ലോ’ എന്നപേരിൽ നടപടി തുടങ്ങിയിരുന്നു. ഇതുപ്രകാരം പതിനായിരത്തിലേറെ പേരെ പൊതുവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. റേഷൻ വാങ്ങാത്ത കാരണത്താൽ ഏറ്റവും കൂടുതൽ പേർ പുറത്തായത് പിങ്ക് കാർഡ് (പ്രയോറിറ്റി ഹൗസ് ഹോള്ഡ്സ്-പി.എച്ച്.എച്ച്) വിഭാഗത്തിൽനിന്നാണ്, 6079. മഞ്ഞക്കാർഡുകാരായ(അന്ത്യോദയ അന്നയോജന-എ.എ.വൈ) 759പേരും സംസ്ഥാന സബ്സിഡിക്ക് അർഹരായ നീലക്കാർഡ്(നോൺ പ്രയോറിറ്റി ഹൗസ് ഹോൾഡ്-എൻ.പി.എസ്) വിഭാഗത്തിൽനിന്ന് 27പേരും പുറത്തായി.
റേഷൻ വാങ്ങാത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയും ഇത് പരിശോധിച്ച് റേഷനിങ് ഇൻസ്പെക്ടർമാർ റിപ്പോർട്ട് നൽകുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻഗണനവിഭാഗത്തിൽനിന്ന് കാർഡുകൾ മാറ്റുന്നത്. മുൻഗണന പട്ടികയിൽനിന്ന് പുറത്തായ കാർഡുകൾക്ക് പകരമായി അർഹരായ മറ്റുള്ളവരെ പരിഗണിക്കും. ഒരു വർഷത്തിനുള്ളിൽ അർഹരായ 8619 കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡുകൾ നൽകിയിട്ടുണ്ട്. അനർഹമായി മുൻഗണന കാർഡുകൾ കൈവശം വെക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.
ഇതുകൂടാതെ ഈ കാലയളവിൽ വാങ്ങിയ റേഷൻ ഉൽപന്നങ്ങളുടെ കമ്പോളവിലയും ഈടാക്കും.1000 ചതുരശ്രയടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ, കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ, വിവിധ സർക്കാർ പെൻഷൻ വാങ്ങുന്നവർ, ഡോക്ടർമാർ, സ്വന്തമായി കാറുള്ളവർ, 25,000 രൂപക്ക് മുകളിൽ മാസവരുമാനമുള്ളവർ, വിദേശത്ത് ജോലിചെയ്യുന്നവർ, ഒന്നിലധികം വീട് സ്വന്തമായുള്ളവർ, ഏക്കറിലേറെ ഭൂമിയുള്ളവർ എന്നിവരാണ് മുൻഗണന റേഷൻ കാർഡിന് അർഹരല്ലാത്തവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.