ശ്രീ കേരളവർമ മൈതാനം നവീകരണം; എതിർപ്പുമായി പൂർവ വിദ്യാർഥികളും അധ്യാപകരും
text_fieldsതൃശൂർ: ശ്രീ കേരളവർമ കോളജ് മൈതാനം കേരള ക്രിക്കറ്റ് അസോസിയേഷന് കൈമാറി നവീകരിക്കാനുള്ള തീരുമാനത്തിൽ എതിർപ്പുമായി കോളജിലെ പൂർവ വിദ്യാർഥികളും അധ്യാപകരും. മൈതാനം ദീർഘകാലത്തേക്ക് ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യത്തിന് വിട്ടുകൊടുക്കുന്നത് കോളജിന്റെ കായിക പരിശീലനം ഇല്ലാതാക്കുമെന്ന് പൂർവ വിദ്യാർഥി സംഘടന ആരോപിച്ചു.
സി.വി. പാപ്പച്ചൻ, സോളി സേവ്യർ, ബാബു കെ. ആന്റോ, ദേശീയ ബാസ്കറ്റ് ബാൾ താരങ്ങളായ ജയശങ്കർ മേനോൻ, ശേഷാദ്രി, അൺവിൻ ജെ. ആന്റണി തുടങ്ങിയവർ കോളജിൽ വന്ന് കളിച്ച് പ്രശസ്തിയിലേക്ക് ഉയർന്നവരാണ്.
കോളജിന്റെ ഉടമസ്ഥരായ കൊച്ചിൻ ദേവസ്വം ബോർഡിനെ തെറ്റിദ്ധരിപ്പിച്ച് എം.ഒ.യു ഒപ്പിടുവിക്കാൻ നിക്ഷിപ്ത താൽപര്യക്കാർ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ദേവസ്വം മന്ത്രിക്കും എം.എൽ.എക്കും ബോർഡിനും നിവേദനം നൽകുമെന്നും പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് കെ.കെ. വീരാൻകുട്ടി, സെക്രട്ടറി സി.എ. സതീഷ് ബാബു, കോളജ് സ്പോർട്സ് അലുമ്നി അസോസിയേഷൻ സെക്രട്ടറി സി.കെ. നസിറുദ്ദീൻ എന്നിവർ അറിയിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷന് 15 വർഷത്തേക്ക് പരിപാലന ചുമതല കൈമാറി കോളജ് ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കാനാണ് ചർച്ച നടക്കുന്നത്. പ്രവൃത്തികൾക്കും അസോസിയേഷനുമായുള്ള ചർച്ചകൾക്കും കൊച്ചിൻ ദേവസ്വം ബോർഡ് അനുമതിയോടെ കരാറിന്റെ കരടും തയാറായിട്ടുണ്ട്. 75 വർഷത്തിലെത്തിയ കോളജിന് 50 വർഷം മുമ്പ് നവീകരിച്ച മൈതാനമാണ് ഇപ്പോഴുമുള്ളത്. പുതിയ കാലത്ത് അത് മതിയാവില്ലെന്നതാണ് മുഖം മിനുക്കാൻ കോളജും ബോർഡും തീരുമാനത്തിലെത്താൻ കാരണം. പണത്തെക്കുറിച്ചുള്ള ആശങ്കക്ക് പരിഹാരമുണ്ടാക്കുകയാണ് ക്രിക്കറ്റ് അസോസിയേഷനിലൂടെയെന്നാണ് കോളജിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.