അരണാട്ടുകര പാടത്ത് ബൈക്കുകളുടെ വിസ്മയ പ്രകടനം
text_fieldsതൃശൂർ: നിരത്തിലൂടെ പോകുന്ന ബൈക്കുകൾ ആകാശമേലാപ്പിൽ ഉയർന്ന് പൊങ്ങി കരണം മറിഞ്ഞുള്ള അഭ്യാസപ്രകടനങ്ങൾ കണ്ട് കാണികൾ വീർപ്പടക്കി, പിന്നെ നിറഞ്ഞ കൈയടി.
അരണാട്ടുകരയിൽ പ്രത്യേകം തയാറാക്കിയ റേസിങ് ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് ആവേശവും ആകാംക്ഷയും അമ്പരപ്പും സമ്മാനിച്ച് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായ ബൈക്ക് റേസ്. ഓസ്ട്രിയൻ താരം സെബാസ്റ്റ്യൻ വെസർബെർഗും ഫിൻലാൻറ് താരം തോമസ് വിൻസ് ബെർഗറുമാണ് വായുവിൽ ഉയർന്ന് പൊങ്ങിയും കരണം മറിഞ്ഞുമുള്ള അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെച്ചത്.
ബിഗ്നേഴ്സ് ക്ലാസ്, നോവെഴ്സ് ക്ലാസ്, ഇന്ത്യൻ എക്സ്പർട്ട്സ്, വിദേശ നിർമിത ബൈക്ക് ഓടിക്കുന്നവരുടെ ഫോറിൻ ക്ലാസ്, സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം, ബുള്ളറ്റിന്റെ ഹിമാലയൻ തുടങ്ങി ഒമ്പത് ഇനങ്ങളിലായി നടന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ മത്സരങ്ങളിലെ ജേതാക്കൾ പങ്കെടുത്തു. നാല് വയസ്സുമുതൽ എട്ടുവരെയും എട്ടുമുതൽ 12 വരെയുമുള്ള കുട്ടികളുടെ മത്സരത്തിലും പെൺകുട്ടികളുടെ മത്സരത്തിലും നിലക്കാത്ത കൈയടികളോടെ കാണികൾ പിന്തുണ നൽകി.
മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ, ടി.എസ്. പട്ടാഭിരാമൻ, പി.കെ. ജലീൽ, ജിജോ ജോർജ്, ഫാ. ജോർജ് എടക്കളത്തൂർ, ഫാ. ബാബു പാനാട്ടുപറമ്പിൽ, കെ.ജി. അനിൽ കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, കൗൺസിലർമാരായ അനുപ് കാട, ലാലി ജയിംസ്, മുൻ റൈഡർ ഗീത എന്നിവർ വിവിധ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.