സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ജീവികളിൽ കേരളത്തിലെ അപൂർവ മത്സ്യവും
text_fieldsതൃശൂർ: സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2020ലെ പുതുജീവിവർഗങ്ങളിൽ കൊല്ലം കടൽത്തീരത്തുനിന്ന് കണ്ടെത്തിയ പ്രത്യേക മത്സ്യവിഭാഗവും (സ്നേക്ക് ഈൽ). 'സിറിയാസ് അൻജാെലെ' എന്ന പ്രത്യേക ജീവിവർഗത്തിൽ പെടുന്ന ഇൗ സ്നേക്ക് ഈലുകളെ ഐ.സി.എ.ആർ - സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞരാണ് ലോകശ്രദ്ധയിൽ കൊണ്ടുവന്നത്.
കൊല്ലം ശക്തികുളങ്ങര ഫിഷിങ് ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയവരുടെ പക്കൽനിന്നാണ് വലിയ കണ്ണുകളും ചെറിയ കൂർത്ത മൂക്കും വ്യത്യസ്ത പല്ലുകളുമുള്ളതും പാമ്പിന് സമാനമായതുമായ ഈലുകളെ പഠനവിധേയമാക്കിയത്. 2019 ഒക്ടോബറിലായിരുന്നു സി.എം.എഫ്.ആർ.ഐയിലെ സീനിയർ ശാസ്ത്രജ്ഞയായ ഡോ. മിറിയം പോൾ ശ്രീറാമിെൻറ മേൽനോട്ടത്തിൽ പിഎച്ച്.ഡി വിദ്യാർഥിനി ട്രീസ അഗസ്റ്റിന ഈ ജീവിവിഭാഗത്തെ പഠനവിധേയമാക്കിയത്.
സി.എം.എഫ്.ആർ.ഐയിലെ ഡോ. സന്ധ്യ സുകുമാരൻ സഹ ഗൈഡാകുകയും ടെക്നീഷ്യൻ കെ.എം. ശ്രീകുമാർ, അഞ്ജലി ജോസ് എന്നിവർ പഠന പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. സിറിയാസ് വർഗത്തിൽപ്പെട്ട നാല് ഉപവർഗങ്ങൾ മാത്രമേ ലോകത്ത് കണ്ടെത്തിയിട്ടുള്ളൂ. ഇതിന് 147 -149 കശേരുക്കളുണ്ടെന്ന പ്രത്യേകത മറ്റു ജീവികളിൽനിന്ന് വ്യത്യസ്തമാക്കുന്നു.
തുടർന്ന് ജീവിവർഗത്തെക്കുറിച്ചുള്ള ആധികാരിക അന്താരാഷ്ട്ര ജേണലായ സുവോടാക്സയിൽ പഠനം പ്രസിദ്ധീകരിച്ചു. സുവോളജിക്കൽ സർവേ എല്ലാ വർഷവും പുതുക്കുന്ന 'ആനിമൽ ഡിസ്കവറീസ്' പട്ടികയിൽ ഇതുവരെ 1,02,718 ജീവിവർഗങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ 407 പുതുജീവജാലങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.