പെരിങ്ങൽകുത്തിൽ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു; ചാലക്കുടിപ്പുഴയോരത്ത് ജാഗ്രത
text_fieldsചാലക്കുടി: ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ അതിശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ ചാലക്കുടിപ്പുഴയോരത്ത് കനത്ത ജാഗ്രത നിർദേശം. അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആഗസ്റ്റ് അഞ്ച് വരെ അടച്ചിട്ടു. പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് താഴ്ത്താനുള്ള നടപടികൾ ആരംഭിച്ചു.
നേരത്തെ തന്നെ തുറന്നിട്ട സ്പിൽവേ ഷട്ടറുകൾക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്ന നടപടി ആരംഭിച്ചു.
പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശമുണ്ട്. പുഴയിൽ ഇറങ്ങാനോ മീൻ പിടിക്കാനോ പാടില്ല. മഴ ശക്തമാവുന്ന സാഹചര്യമുണ്ടായാല്‍ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറേണ്ടിവരും. അതിനുള്ള തയാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്തണം.
അധികൃതര്‍ നിർദേശം നല്കുന്ന മുറക്ക് വീടുകളില്‍നിന്ന് ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങള്‍ സജ്ജരാകണം.
മഴ ഇല്ലാതിരുന്ന കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പെരിങ്ങൽക്കുത്തിലെ ജലം നിയന്ത്രിത അളവില്‍ തുറന്നുവിട്ടത് കാരണം ജലനിരപ്പ് നല്ല രീതിയില്‍ ക്രമീകരിക്കാന്‍ സാധിച്ചിട്ടുണ്ട്.
എന്നാല്‍, മഴ ശക്തമാവുന്നതോടെ ഷോളയാർ, പറമ്പിക്കുളം തുടങ്ങി മുകൾത്തട്ടിലെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്ന് അവ തുറക്കേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ ജനങ്ങളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള എല്ലാ നടപടികളും കൈക്കൊള്ളാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവര്‍ക്കും കലക്ടർ നിർദേശം നല്കി.
ആളുകളെ താമസിപ്പിക്കുന്നതിനുള്ള ക്യാമ്പുകള്‍ സജ്ജമാക്കി അവിടെ വെള്ളം, വെളിച്ചം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാണെന്ന് വില്ലേജ് ഓഫിസര്‍മാരെ വിട്ട് പരിശോധിച്ച് ഉറപ്പുവരുത്തി ചൊവ്വാഴ്ച രാവിലെ 10ഓടെ റിപ്പോര്‍ട്ട് നല്‍കാനും തഹസില്‍ദാര്‍മാര്‍ക്ക് നിർദേശം നല്കി.
അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി താലൂക്ക് തല എമര്‍ജന്‍സി ഓപറേഷന് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ സ്ഥലത്തെയും ദുരന്തനിവാരണ ഉപകരണങ്ങള്‍ ഉപയോഗസജ്ജമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് നിർദേശമുണ്ട്.
അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി വില്ലേജ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ 24 മണിക്കൂറും തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഉണ്ടാകണം.
ചൊവ്വാഴ്ച ഉച്ചയോടെ ഹാം റേഡിയോ സംവിധാനം പ്രവര്‍ത്തന സജ്ജമാക്കുമെന്നും അറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.