നിവേദനങ്ങൾ ഫലം കണ്ടു; റെയിൽവേ നടപ്പാലം തുറന്നു
text_fieldsതൃശൂർ: നിവേദനങ്ങൾക്കൊടുവിൽ കൊക്കാലെയിൽനിന്ന് പൂത്തോളിലേക്കുള്ള റെയിൽവേ നടപ്പാലം തുറന്നു. കോവിഡിന്റെ പേരിൽ അടച്ചിട്ട നടപ്പാലം പിന്നീട് തുറന്നിരുന്നില്ല. വഞ്ചിക്കുളത്തിന്റെ പ്രതാപകാലം മുതൽ ഇവിടെ ഗേറ്റോടെയുള്ള വഴിയുണ്ടായിരുന്നു. വഞ്ചിക്കുളം, ഗുഡ്സ് ഷെഡ് എന്നിവിടങ്ങളിൽനിന്ന് തിരിച്ചും വ്യാപാരാവശ്യത്തിനുള്ള ചരക്കുനീക്കം കാളവണ്ടിയിൽ ഇതുവഴിയാണ് നടന്നിരുന്നത്. പിന്നീട് ഈ വഴി, നടപ്പാലത്തിന് വഴി മാറി. ഒരു റെയിൽവേ ട്രാക്ക് മാത്രമുണ്ടായിരുന്ന കാലത്ത് പണിത നടപ്പാലത്തിന്റെ നീളം റെയിൽവേ ട്രാക്കുകളുടെ എണ്ണത്തോടൊപ്പം വർധിച്ചു.
ഇരു പ്രദേശങ്ങളിലേയും ജനങ്ങൾക്ക് കിലോമീറ്ററുകൾ ചുറ്റിവളയാതെ അങ്ങോട്ടുമിങ്ങോട്ടും പോകാനുള്ള ഈ മാർഗം കോവിഡ് കാലത്ത് സുരക്ഷ കാരണം പറഞ്ഞ് റെയിൽവേ അടക്കുകയായിരുന്നു.
പിന്നീടൊരിക്കൽ നടപ്പാലം തുറന്നെങ്കിലും വൈകാതെ വീണ്ടും അടച്ചു. സാമൂഹിക വിരുദ്ധരും ടിക്കറ്റില്ലാത്ത യാത്രക്കാർക്കും നടപ്പാലം രക്ഷാമാർഗമാകുന്നുവെന്ന് പറഞ്ഞാണ് നടപ്പാലം അടച്ചത്. തുടർന്ന് നടപ്പാലത്തെ സ്ഥിരമായി ആശ്രയിച്ചിരുന്ന നാട്ടുകാർ നിവേദനങ്ങളും പരാതികളുമായി അധികൃതരെ നിരന്തരം സമീപിച്ചതിനൊടുവിലാണ് നടപ്പാലം തുറക്കാൻ റെയിൽവേ നടപടിയെടുത്തത്.
സുരക്ഷ പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ച് നടപ്പാലം സ്ഥിരമായി തുറന്നിടുന്ന സാഹചര്യം നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.