അരിക്കൊമ്പന് വഴിയൊരുക്കാനുള്ള വനംവകുപ്പ് ശ്രമം വാഴച്ചാലിൽ നാട്ടുകാർ തടഞ്ഞു
text_fieldsഅതിരപ്പിള്ളി: അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് കൊണ്ടുപോകാൻ കാട്ടിൽ പാതയൊരുക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പ്രദേശവാസികളുടെ എതിർപ്പുമൂലം തടസ്സപ്പെട്ടു. ഇതിനായി കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രവും മറ്റ് ഉപകരണങ്ങളും ആദിവാസികളടക്കമുള്ളവർ ചേർന്ന് തടഞ്ഞിട്ടു.
ഞായറാഴ്ച രാവിലെയാണ് മുകളിൽനിന്നുള്ള നിർദേശപ്രകാരം മണ്ണുമാന്തിയന്ത്രവുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. മറ്റാരും അറിയാതെ കാരാംതോട് വഴിയുള്ള കാനനപാതയിലെ തടസ്സങ്ങൾ നീക്കി അരിക്കൊമ്പനെ കൊണ്ടുപോകാനുള്ള വഴിയൊരുക്കുകയായിരുന്നു ലക്ഷ്യം. ഈ വിവരം മനസ്സിലാക്കിയ വനം സംരക്ഷണ സമിതി പ്രവർത്തകരും വാഴച്ചാൽ കാടർ കോളനിയിലെ അംഗങ്ങളും സി.പി.എം അംഗങ്ങളും വാഴച്ചാൽ ചെക്ക്പോസ്റ്റിനടുത്ത് സംഘടിച്ചെത്തുകയായിരുന്നു. ചെക്ക്പോസ്റ്റ് വഴി മണ്ണുമാന്തിയന്ത്രവും മറ്റും കൊണ്ടുപോകരുതെന്ന് അവർ ആവശ്യപ്പെട്ടു. വനപാലകർ അത് ചെവിക്കൊള്ളാതെ മണ്ണുമാന്തിയന്ത്രം മുന്നോട്ടെടുത്തപ്പോൾ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളോടെ റോഡിൽ കുത്തിയിരുന്നു. പ്രതിഷേധം തുടർന്നതോടെ ഗത്യന്തരമില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ യന്ത്രം തിരികെ കൊണ്ടുപോവുകയായിരുന്നു. ആക്രമണകാരിയായ അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിൽ എത്തിക്കുന്നതിനെതിരെ അതിരപ്പിള്ളിയിലെ പ്രതിഷേധം ശക്തമായി. ഹൈകോടതി നിർദേശപ്രകാരമാണ് വനംവകുപ്പ് അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നത്. വാഴച്ചാലിൽനിന്ന് കാരാംതോട് വഴി പറമ്പിക്കുളത്തേക്ക് കാട്ടിലൂടെ എളുപ്പവഴിയുണ്ട്. അരിക്കൊമ്പനെ എന്ന് കൊണ്ടുവരണം എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ആനയെ ചാലക്കുടി വഴി വാഴച്ചാൽ എത്തിച്ച് 25 കിലോമീറ്റർ വനത്തിനകത്തുള്ള റോഡിൽ കൂടി പറമ്പിക്കുളത്ത് എത്തിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. വനംവകുപ്പിന്റെ ജീപ്പുകൾ മാത്രം പോകുന്ന ഈ വഴിയുടെ പല ഭാഗങ്ങളും തകർന്നുകിടക്കുകയാണ്. ഇത് സഞ്ചാരയോഗ്യമാക്കുന്നതിനായാണ് ഞായറാഴ്ച രാവിലെ മണ്ണുമാന്തിയന്ത്രമടക്കമുള്ള സജ്ജീകരണങ്ങൾ കൊണ്ടുവന്നത്.
വാർഡ് മെംബർ കെ.കെ. റിജേഷിന്റെ നേതൃത്വത്തിലാണ് ആദിവാസികളും സി.പി.എം പ്രവർത്തകരും വാഴച്ചാലിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തിങ്കളാഴ്ച അതിരപ്പിള്ളി പഞ്ചായത്തിൽ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. നാട്ടുകാരും ആദിവാസി വിഭാഗങ്ങളും കർഷകരുമെല്ലാം അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നത് ഭയാശങ്കയോടെയാണ് കാണുന്നത്. പെരിങ്ങൽകുത്ത് ഡാമിനോട് ചേർന്നുള്ള പറമ്പിക്കുളം വനമേഖലയിൽ എത്തിക്കുന്ന ആന അതിരപ്പിള്ളിയിലെ ആദിവാസി മേഖലയിലേക്ക് എത്താനുള്ള സാധ്യത വളരെയേറെയാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. വാഴച്ചാൽ, പൊകലപ്പാറ, പെരിങ്ങൽക്കുത്ത്, മുക്കുംപുഴ, വാച്ച് മരം തുടങ്ങിയ ആദിവാസി മേഖലകളിലേക്ക് ആന എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വേനൽക്കാലത്ത് ആദിവാസികൾ വനവിഭവങ്ങൾ ശേഖരിക്കുന്നതിനും അരി ഉൾപ്പെടെ ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്നതിനും ആശ്രയിക്കുന്നത് പറമ്പിക്കുളത്തിനോട് ചേർന്നുള്ള ഈ വനഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.