കൊടുമുടികൾ കീഴടക്കി; ഇനി തൃശൂരിന്റെ ഹൃദയം കവരാൻ അർജുൻ പാണ്ഡ്യൻ
text_fieldsതൃശൂർ: ജില്ലയുടെ പുതിയ ഭരണസാരഥിയായി എത്തുന്ന കലക്ടർ അർജുൻ പാണ്ഡ്യൻ മികച്ച പർവതാരോഹകൻകൂടിയാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ്, ഹിമാലയസാനുക്കളിലെ നൺ, ദ്രൗപദി കാദണ്ട കൊടുമുടികൾ എന്നിവ അദ്ദേഹം കീഴടക്കിയിട്ടുണ്ട്. മസൂറിയിലെ ഐ.എ.എസ് പരിശീലനകാലത്ത് മികച്ച സ്പോർട്സ്മാൻ പുരസ്കാരവും ലഭിച്ചിരുന്നു. ഇടുക്കി ഹൈറേഞ്ചിലെ ലയത്തിൽ ഏലം കർഷകൻ സി. പാണ്ഡ്യന്റെയും അംഗൻവാടി അധ്യാപിക ഉഷയുടെയും മകനാണ്.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് കുട്ടികൾക്ക് ട്യൂഷൻ എടുത്തും അവധിദിവസങ്ങളിൽ തേയിലച്ചാക്ക് ചുമന്നുമാണ് പഠന-ജീവിതച്ചെലവ് കണ്ടെത്തിയത്. വീട്ടിലെ സാമ്പത്തികാവസ്ഥ മനസ്സിലാക്കിയ അർജുൻ ടി.സി.എസിൽ ജോലിക്കു ചേർന്നു. എന്നാൽ, പിന്നീട് ഐ.എ.എസ് എന്ന ആഗ്രഹം മുളപൊട്ടിയതിനാൽ ജോലി രാജിവെച്ച് മുഴുവൻ സമയവും പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2016ൽ ഐ.എ.എസ് കരസ്ഥമാക്കി.
ഔദ്യോഗിക ചുമതലകളിലിരിക്കെ അടിസ്ഥാനവർഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി ശ്രദ്ധ നേടിയിരുന്നു. ഒറ്റപ്പാലം സബ് കലക്ടറായിരിക്കേ റീ സെറ്റിൽമെന്റ് പദ്ധതിപ്രകാരം ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് 250ലധികം വീടുകൾ വെച്ചുനൽകുന്ന പ്രവർത്തനത്തിന് നേതൃത്വം നൽകി. ഒറ്റപ്പാലം നഗരവികസനവുമായി ബന്ധപ്പെട്ട് റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചതും ഒറ്റപ്പാലം താലൂക്ക് ആശുപത്രി വികസനത്തിനും മറ്റു വികസനപ്രവർത്തനങ്ങൾക്കും ഭൂമി ലഭ്യമാക്കിയ നടപടിയും ശ്രദ്ധേയമായിരുന്നു.
അട്ടപ്പാടി മേഖലയിലെ ഏറ്റവും വിദൂരവും ഒറ്റപ്പെട്ടതുമായ ഊരുകളിലടക്കം നിരന്തരം സന്ദർശനം നടത്തി അടിസ്ഥാനസൗകര്യങ്ങളായ മൊബൈൽ കണക്ടിവിറ്റി, വൈദ്യുതി കണക്ഷൻ, റോഡ്, കളിസ്ഥലം തുടങ്ങിയവ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. പാലക്കാട് ജില്ല കോവിഡ് മാനേജ്മെന്റ് നോഡൽ ഓഫിസർ എന്ന നിലയിൽ നടത്തിയ ഓക്സിജൻ വാർറൂം, കോവിഡ് കെയർ സെന്ററുകൾ എന്നിവയുടെ ഏകോപനം, ലോക് ഡൗൺ സമയത്ത് അതിഥി തൊഴിലാളികളുടെ യാത്രയടക്കമുള്ള പ്രശ്നങ്ങളിലെ കാര്യക്ഷമമായ ഇടപെടലുകൾ എന്നിവയെല്ലാം ഏറെ പ്രശംസ നേടിയിരുന്നു.
സംസ്ഥാന ലാൻഡ്ബോർഡ് സെക്രട്ടറിയായിരിക്കെ 60,000ത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. നൂറ് സീറ്റുകൾ ഉറപ്പാക്കി ഇടുക്കി മെഡിക്കൽ കോളജിന് നാഷനൽ മെഡിക്കൽ മിഷൻ അഫിലിയേഷൻ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും കൊക്കയാർ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളും കോവിഡ് കാലത്തിനുശേഷമുള്ള ശബരിമല തീർഥാടനം മികച്ച രീതിയിൽ സംഘടിപ്പിച്ചതും ഔദ്യോഗിക ജീവിതത്തിലെ പ്രധാന ഇടപെടലുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.