കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് അഞ്ചര ലക്ഷം കവർന്ന കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ
text_fieldsമാള: പൊയ്യയിൽ കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് അഞ്ചര ലക്ഷം കവർച്ച നടത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്ത് വീട്ടിൽ ഷാമോൻ (24), മേത്തല മതിലകത്തു പറമ്പിൽ വീട്ടിൽ സാലിഹ്(34) എന്നിവരെയാണ് റൂറൽ എസ്.പി നവനീത് ശർമയുടെ നിർദേശപ്രകാരം പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 30ന് രാവിലെ പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം. പണയത്തിലുള്ള സ്വർണം എടുപ്പിക്കാനുണ്ടെന്ന് പറഞ്ഞു സംഘത്തിലുൾപ്പെട്ട സ്ത്രീ കോഴിക്കോട് സ്വദേശി ശ്യാംലാലിനെ മാളയിലേക്ക് വിളിച്ചു വരുത്തി. ഇവരുടെ സഹോദരനെന്നു പറഞ്ഞ് ബൈക്കിലെത്തിയ യുവാവ് ശ്യാംലാലിനെ പൊയ്യ ബിവറേജസ് ജങ്ഷനിൽനിന്നുള്ള കഴിഞ്ചിത്തറ റോഡിലേക്ക് കൊണ്ടുപോയി. തുടർന്ന് വഴിയിൽ കാത്തുനിന്ന സാലിഹ്, ഷാമോൻ എന്നിവർ ആക്രമിച്ച് അഞ്ചരലക്ഷം അടങ്ങിയ ബാഗ് കവർന്ന് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
വിദഗ്ധ അന്വേഷണത്തിൽ പിറ്റേന്നു തന്നെ പൊലീസ് സംഘത്തിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതോടെ അന്വേഷണ സംഘാംഗങ്ങളായ മാള എസ്.ഐ ജലീൽ കറുത്തേടത്ത്, സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, ഹോംഗാർഡ് പി.ടി. വിനോദ് എന്നിവരെ ബംഗളൂരുവിലേക്ക് അയക്കുകയായിരുന്നു. രണ്ടാം പ്രതിയും താമരശ്ശേരിയിൽ 80 ലക്ഷം കവർന്ന കേസിലുൾപ്പെട്ടയാളുമായ പുല്ലൂറ്റ് സ്വദേശി അലങ്കാരത്ത് പറമ്പിൽ വീട്ടിൽ ഷാമോനെ (29) കഴിഞ്ഞ ദിവസം യെലഹങ്കയിലെ ഒളിത്താവളത്തിൽനിന്ന് അന്വേഷണ സംഘം യലഹങ്ക പൊലീസിന്റെ സഹായത്തോടെ സാഹസികമായി പിടികൂടി.
മൂന്നാം പ്രതി മേത്തല സ്വദേശി മതിലകത്തു പറമ്പിൽ വീട്ടിൽ സാലിഹ് ക്രിമിനൽ കേസുകളടക്കം കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ആറും പുത്തൻവേലിക്കര സ്റ്റേഷനിൽ ഒരു കേസിലും പ്രതിയാണ്. ചൊവ്വാഴ്ച രാവിലെ മേത്തലയിൽനിന്നാണ് ഇയാളെ പിടികൂടിയത്.
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.സി. കുഞ്ഞുമൊയ്തീൻ, മാള ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ്.ഐ ജലിൽ കറുത്തേടത്ത്, ബാഷി, സീനിയർ സി.പി.ഒമാരായ വിനോദ്, ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ഇ.ജി. ജിജിൽ, എം. ഷംനാദ്, ഡ്രൈവർ എസ്.സി.പി.ഒ മുസ്തഫ ഷൗക്കർ, ഹോംഗാർഡ് പി.ടി. വിനോദ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.