അംഗൻവാടിക്ക് ഭൂമി പകുത്തുനൽകിയ സുശീലക്ക് ഓണസമ്മാനമായി ആശ്രയ ഭവനം
text_fieldsകൊടുങ്ങല്ലൂർ: ഇല്ലായ്മയിലും സ്വന്തമായുള്ള ഇത്തിരിമണ്ണിൽനിന്ന് അംഗൻവാടിക്ക് പകുത്തുനൽകിയ സുശീലക്ക് ഓണസമ്മാനമായി ആശ്രയഭവനം. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ആശ്രയ ഭവനപദ്ധതിയിയിലൂടെയാണ് മംഗലത്ത് വീട്ടിൽ സുശീലക്ക് ജീവിതാഭിലാഷമായ കിടപ്പാടം സ്വന്തമായത്.
ഭവനത്തിന്റെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. സി.എഫ്.സി ഫണ്ടിൽനിന്ന് നാല് ലക്ഷം രൂപ വകയിരുത്തിയാണ് ഭർത്താവ് മരിച്ച, മക്കളില്ലാത്ത സുശീലക്ക് വീട് ലഭ്യമാക്കിയത്. സ്വന്തമായുണ്ടായിരുന്ന ആറ് സെന്റ് ഭൂമിയിൽനിന്ന് മൂന്ന് സെന്റാണ് ഈ നിർധന വീട്ടമ്മ നാട്ടിലെ കുഞ്ഞുമക്കൾക്കായി അംഗൻവാടി കെട്ടിടം പണിയാൻ നൽകിയത്. വളരെ കുറഞ്ഞ തുകക്കായിരുന്നു ഭൂമി കൈമാറ്റം.
ചടങ്ങിൽ വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അയ്യൂബ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സി.സി. ജയ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.എ. നൗഷാദ്, വാർഡ് മെംബർ രമ്യ പ്രദീപ്, സി.ഡി.എസ് ചെയർപേഴ്സൻ ആമിന അൻവർ, അസി.സെക്രട്ടറി അബ്ദുല്ല ബാബു, പി.കെ. സലീം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.