പരിമിതികളെ തോൽപിച്ച്പുരസ്കാര നിറവിൽ അസ്ന ഷെറിൻ
text_fieldsമാള: സംസ്ഥാന സര്‍ക്കാറിെൻറ ഉജ്വല ബാല്യ പുരസ്കാരം നേടി അസ്ന ഷെറിൻ. മാള മേലഡൂർ കുറ്റിമാക്കൽ ഷിയാദ്-അനീസ ദമ്പതികളുടെ മകളായ അസ്ന ഭിന്നശേഷി വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്.
കുട്ടിക്കാലത്ത് തന്നെ സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച അസ്ന നന്നായി ചിത്രം വരക്കും. ബോട്ടിൽ ആർട്ട്, അക്രിലിക് പെയിൻറിങ്, ഗ്ലാസ് പെയിൻറിങ്, മുട്ടത്തോടിൽ വർണങ്ങൾ എന്നിവയും ഇഷ്ടവിനോദം. കൂടാതെ കവിതയും കഥകളും രചിക്കും. രോഗാവസ്ഥയെ തോൽപ്പിച്ചാണ് ഈ പത്താം ക്ലാസുകാരി കലാസൃഷ്ടികൾക്ക് ജീവൻ നൽകുന്നത്. ഭിന്നശേഷി ദിനത്തിലാണ് സംസ്ഥാന സര്‍ക്കാറിെൻറ ഉജ്വല ബാല്യ പുരസ്കാരം ലഭിച്ചത്.
ഐ.എ.എസ് ആണ് ഈ മിടുക്കിയുടെ സ്വപ്നം. അസ്നക്ക് കട്ട സപ്പോർട്ടുമായി കുടുംബം കൂടെയുണ്ട്. ഒന്നര വയസ്സിലാണ് അസ്നയുടെ ശാരീരിക ബുദ്ധിമുട്ടുകൾ മനസ്സിലായി തുടങ്ങിയതെന്ന് മാതാവ് അനീസ പറയുന്നു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ പ്രത്യേക ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. പത്ത് ലക്ഷം രൂപ ചെലവ് വന്ന ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായവും ലഭിച്ചിരുന്നു. മേലഡൂർ ഗവ. സമിതി സ്കൂളിലാണ് അസ്ന പഠിക്കുന്നത്. രാവിലെ മാതാവിെൻറയും പിതാവിൻറയും കൂടെയാണ് സ്കൂളിൽ പോയി വരുന്നത്.
സ്കൂൾ അധികൃതരുടെ സഹകരണം ഉണ്ട്. മാന്ത്രികൻ ഗോപിനാഥ് മുതുകാടിെൻറ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി തിരുവനന്തപുരം കഴക്കൂട്ടം മാജിക് പ്ലാനറ്റിെൻറ ഭാഗമായ ഡിഫറൻറ ആർട്ട് സെൻററിൽ നടന്ന 'സഹയാത്ര' പരിപാടിയിലും അസ്ന ഷെറിൻ പങ്കെടുത്തിരുന്നു.
ചിത്രരചനയിൽ ഒരാഴ്ചത്തെ പരിശീലനമാണ് അവിടെ ഉണ്ടായിരുന്നത്. ജില്ല കലക്ടറടങ്ങിയ സംഘം സംസ്ഥാന സര്‍ക്കാറിന് തെൻറ ചെറിയ കഴിവുകളെ ആദരിക്കാൻ ശിപാര്‍ശ നൽകിയതായും അസ്ന പറയുന്നു. അതേസമയം, ചികിത്സക്കും മറ്റു ചെലവുകൾക്കും പണം കണ്ടെത്താൻ പെടാപാട് പെടുകയാണ് അസ്നയുടെ കുടുംബം. നാലര വയസ്സുകാരി ഐശ കൊച്ചനുജത്തിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.