മുഖ്യമന്ത്രിയുടെയും മന്ത്രി മൊയ്തീെൻറയും സ്വത്ത് വർധന അന്വേഷിക്കണം –ബെന്നി ബഹനാൻ
text_fieldsതൃശൂർ: മുഖ്യമന്ത്രി, മന്ത്രി എ.സി. മൊയ്തീൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എന്നിവരുടെ കുടുംബാംഗങ്ങളുടെ സ്വത്തിൽ അടുത്ത കാലത്തുണ്ടായ വർധന അന്വേഷിക്കണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിന് റെഡ് ക്രസൻറ് നൽകിയ 20 കോടി രൂപയിൽനിന്ന് എട്ട് കോടിയോളം ചിലർ അടിച്ചുമാറ്റിയിട്ടുണ്ടെന്നും ഇത് എവിടേക്ക് പോയെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.സി ലാവ്ലിൻ കേസിൽ പിണറായി വിജയൻ വിചാരണ നേരിടേണ്ടതുണ്ടോ എന്ന രണ്ടര മിനിറ്റുകൊണ്ട് തീർപ്പാക്കാവുന്ന വിഷയം സുപ്രീംകോടതിയിൽ രണ്ടര വർഷമായി കെട്ടിക്കിടപ്പാണ്. ഉടൻ വിചാരണ വേണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ അപേക്ഷ നൽകാൻ തയാറാവുന്നില്ല. പിണറായി വിജയനും ബി.ജെ.പിയും തമ്മിലുള്ള ധാരണയാണ് ഇതിന് കാരണം.
തുടക്കത്തിൽ ഫ്ലാറ്റ് നിർമാണ കരാർ ഹാബിറ്റാറ്റുമായിട്ടായിരുന്നു. പിന്നീട് അതിനെ ഒഴിവാക്കി യൂണിടാക്കിനെ നേരിട്ട് ഏൽപിച്ചു. തുടക്കത്തിൽ എതിർത്ത ഉദ്യോഗസ്ഥരെയെല്ലാം മാറ്റിയാണ് ഇടപാട് നടത്തിയത്. കമീഷൻ കൊടുത്തുവെന്ന് കരാറുകാരും കിട്ടിയെന്ന് സ്വപ്ന സുരേഷും പറഞ്ഞിട്ടുണ്ട്.
ആർജവം ഉണ്ടായിരുന്നെങ്കിൽ അപ്പോൾത്തന്നെ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണമെങ്കിലും പ്രഖ്യാപിക്കണമായിരുന്നു. ലാവ്ലിൻ കേസിെൻറ അനുഭവം ഇതിന് വരാതിരിക്കാൻ ഹൈകോടതി നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷിക്കണം. ഫ്ലാറ്റ് സമുച്ചയത്തിെൻറ ബലത്തെക്കുറിച്ച് സംശയമുണ്ട്. ഇത് പൊതുമരാമത്ത് വകുപ്പിലെ സ്ട്രക്ചറൽ എൻജിനീയർമാരെക്കൊണ്ട് പരിശോധിപ്പിക്കണം.
ഇൗ വിഷയം ഉന്നയിച്ച് യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഈ മാസം 27ന് കെ.പി.സി.സി പ്രസിഡൻറ്, പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരുടെ സാന്നിധ്യത്തിൽ വടക്കാഞ്ചേരിയിൽ സത്യഗ്രഹം നടത്തും. 24ന് വാർഡ് അടിസ്ഥാനത്തിൽ സമരം നടത്തും.
മുഖ്യമന്ത്രിയെ രാജിവെപ്പിച്ച് ഈ സർക്കാറിനെ താഴെയിറക്കുമെന്ന് ബെന്നി ബഹനാൻ പറഞ്ഞു. ടി.എൻ. പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ, പത്മജ വേണുഗോപാൽ, ഒ. അബ്ദുറഹ്മാൻ കുട്ടി, ജോസഫ് ചാലിശ്ശേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.