'കുഞ്ഞൻ'; എങ്കിലും തെക്കെ ഗോപുരനടയിൽ അത്തപ്പൂക്കളം തീർത്തു
text_fieldsതൃശൂർ: കോവിഡ് മഹാമാരിയിലും ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് നാടും ജനതയും. നിയന്ത്രണം കാരണം തൃശൂർ തേക്കിൻകാട്ടിൽ ഉണ്ടാവാറുള്ള പൂവിൽപന കേന്ദ്രങ്ങൾ ഇത്തവണയില്ല.
തെക്കേഗോപുരനടയിൽ സായാഹ്ന സൗഹൃദ കൂട്ടായ്മ ഒരുക്കാറുള്ള ഭീമൻ പൂക്കളവും ഒഴിവാക്കി. പകരം പ്രതീകാത്മക കുഞ്ഞൻ പൂക്കളമാണ് ഒരുക്കിയത്.
തേക്കിൻകാട്ടിൽ നിരയൊത്ത് പുലർകാലത്തും പാതിരാത്രിയിലും ഭേദമില്ലാതെ കൂടുന്ന പൂവിപണിയൊഴിവായി ശാന്തമായിരുന്നു. തൃശൂർ നഗരത്തിൽ സാധാരണയായുള്ള വിൽപനക്കാരിലും സ്റ്റാളുകളിലും മാത്രമേ പൂവിൽപന ഉണ്ടായിരുന്നുള്ളൂ. ഇതാകട്ടെ മുൻവർഷത്തേക്കാൾ ഉപരിയായി നാടൻ പൂക്കളായിരുന്നു ഏറെയും.
ഏറെ പ്രതീക്ഷയോടെ കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത നാടൻ ചെണ്ടുമല്ലിയും നാരകപൂവും കോഴിവാലനും സൂര്യകാന്തിയുമെല്ലാം വിപണിയിലുണ്ട്. ഇതെല്ലാം കേരളത്തിെൻറ മണ്ണിൽ വിരിയിച്ചെടുത്തതാണ്.
സാധാരണയായി അനുഭവപ്പെടാറുള്ള വിലക്കൂടുതലും പൂവിപണിയിൽ ഇല്ലെന്നത് കോവിഡ് കാലത്തെ ഓണത്തെ സവിശേഷമാക്കുന്നുണ്ട്. 50 രൂപക്ക് ഒരു കിറ്റ് നിറച്ച് പൂക്കളാണ് ഈ വർഷം വിൽപനക്കുള്ളത്. ഓണക്കാല തിരക്കിലേക്ക് കടന്നിട്ടില്ലെങ്കിലും വിപണി ഉണർന്നതായി വ്യാപാരികൾ പറയുന്നു.
അഞ്ച് പേരിൽ കൂടുതൽ സ്ഥാപനങ്ങളിലേക്ക് കയറാൻ കഴിയാത്തതും സാമൂഹിക അകലവും മാസ്ക് ധരിച്ച് കയറണമെന്നതും വ്യാപാരികൾ തന്നെ ഉപഭോക്താക്കളോട് നിർബന്ധിക്കുന്നുണ്ട്.
ഓണവിപണി വൈകാതെ സജീവമാകുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾ പങ്കുവെക്കുന്നത്. ശക്തൻ നഗറിൽ വ്യാപാരം അനുവദിക്കുന്നതിന് ജില്ല ഭരണകൂടം കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ ധാരണയായെങ്കിലും ശക്തൻ ക്ലസ്റ്ററിൽ രോഗികൾ ദിനേന വർധിക്കുന്നതാണ് ആശങ്കയിലാക്കുന്നത്.
എങ്കിലും നിയന്ത്രണങ്ങളോടെ തിങ്കളാഴ്ച മുതൽ മാർക്കറ്റ് പ്രവർത്തനം തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.