എ.ടി.എം കവര്‍ച്ച: തുക പിന്‍വലിച്ചത് ഹരിയാനയിലെ അക്കൗണ്ടുകളിലൂടെ
text_fieldsആമ്പല്ലൂര്‍: പുതുക്കാട്ട് എ.ടി.എം കൗണ്ടറില്‍നിന്ന് കവര്‍ച്ച നടത്തിയത് ഹരിയാനയിലെ ആറ് അക്കൗണ്ടുകള്‍ വഴിയെന്ന് പൊലീസ്. അക്കൗണ്ടുകള്‍ ഏത് ബാങ്കിലേതാണെന്നും അക്കൗണ്ട് ഉടമകളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. യഥാര്‍ഥ അക്കൗണ്ട് ഉടമകള്‍ക്ക് മോഷണവുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷിച്ചു വരുന്നത്. മോഷ്ടാക്കള്‍ യഥാര്‍ഥ എ.ടി.എം കാര്‍ഡാണോ ഉപയോഗിച്ചത് എന്ന കാര്യവും വ്യക്തമായിട്ടില്ല. ബാങ്ക് ഉപഭോക്താക്കളുമായി അനൗദ്യോഗികമായി ബന്ധപ്പെട്ടതായും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുമെന്നും അന്വേഷണ സംഘം അറിയിച്ചു.
കവര്‍ച്ച സംഘം എത്തിയ ഹരിയാന രജിസ്ട്രേഷന് ട്രെയ്ലര് ബംഗളൂരുവിലേക്ക് ലോഡുമായി വന്നതാണ്. വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ ട്രെയ്ലര് കൊച്ചിയിലെ ഒരു സ്ഥാപനത്തിലേക്കും ചരക്ക് എത്തിച്ചിട്ടുണ്ട്.ബംഗളൂരുവിലേക്ക് വന്ന ട്രെയ്ലര് കവര്‍ച്ച നടത്താന്‍ മാത്രം ഉദ്ദേശിച്ചാണ് കേരളത്തിലേക്ക് കടന്നതെന്ന് കരുതുന്നു. ഇത് വാഹന ഉടമയുടെ അറിവോടെയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം മെഷീനില്‍നിന്ന് തട്ടിയെടുത്ത തുക അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടതായി അറിയാത്ത വിധമാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളില്‍നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ആറ് അക്കൗണ്ടുകളുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 13 തവണയായി 1,27,500 രൂപയാണ് തട്ടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.