ബസ് കണ്ടക്ടറെ മർദിച്ച കേസ്: മൂന്നുപേർ അറസ്റ്റിൽ
text_fieldsകാഞ്ഞാണി: ബസ് കണ്ടക്ടറെ മർദിച്ച സംഭവത്തിലും, യാത്രക്കാരുമായി പോയിരുന്ന ബസിനെ മറ്റൊരു ബസ് ഉപയോഗിച്ച് യാത്രക്കാരെ അടക്കം അപകടപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലും മൂന്നുപേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രശ്നമുണ്ടാക്കിയ ഇഷാൻ, കാർലോസ് എന്നീ ബസുകൾ കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരായ മിഥുൻ, ഡിബിൻ, നിഖിൽ എന്നിവരെയാണ് അന്തിക്കാട് ഇൻസ്പെക്ടർ പി.കെ. ദാസ് അറസ്റ്റ് ചെയ്തത്.
തൃശൂർ -അന്തിക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ മറ്റൊരു ബസിലെ കണ്ടക്ടർ മർദിച്ചതാണ് ആദ്യ സംഭവം. പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിൽ നിർത്തിയിട്ടിരുന്ന ജയറാം എന്ന ബസിലെ കണ്ടക്ടർ കാഞ്ഞാണി സ്വദേശി പുന്നപ്പിള്ളി ശ്രീരാഗിനെ സമയത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഇതേ റൂട്ടിൽ സർവിസ് നടത്തുന്ന ഇഷാൻ എന്ന ബസിലെ കണ്ടക്ടർ മുറ്റിച്ചൂർ സ്വദേശി തണ്ടിയേക്കൽ മിഥുൻ (26) ബസിൽ കയറി മർദിക്കുകയായിരുന്നു.
കാഞ്ഞാണി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് രണ്ടാമത്തെ സംഭവം. ബസ് സ്റ്റാൻഡിൽ വെച്ച് ആളെയിറക്കുന്ന സമയത്ത് ശ്രീശങ്കര എന്ന ബസിന്റെ ഡ്രൈവർ സീറ്റിനോട് ചേർന്ന് ഇതേ റൂട്ടിലോടുന്ന കാർലോസ് എന്ന ബസ് മനഃപൂർവം കൊണ്ടുവന്ന് ഇടിപ്പിച്ചു. ഇതുകണ്ട് യാത്രക്കാർ നിലവിളിച്ചു. കലിയടങ്ങാത്ത കാർലോസ് ബസിന്റെ ഡ്രൈവർ ശ്രീശങ്കര ബസിനെ പിന്തുടർന്ന് പാന്തോട് സ്റ്റോപ്പിൽ വെച്ച് യാത്രക്കാരെ ഭയപ്പെടുത്തിക്കൊണ്ട് ബസിൽ വീണ്ടും ഇടിപ്പിച്ചു.
ബസിന്റെ വശങ്ങൾക്ക് കേടുപറ്റി. കണ്ണാടിയും തകർന്നു. കാർലോസ് ബസിലെ ഡ്രൈവർ അന്തിക്കാട് സ്വദേശി തണ്ടിയേക്കൽ ഡിബിൻ (24), ഇയാളുടെ കൂട്ടാളി കാഞ്ഞാണി സ്വദേശി മനോല നിഖിൽ (24) എന്നിവരെയും പൊലീസ് പിടികൂടുകയായിരുന്നു.
ദേഹോപദ്രവം ഏൽപിച്ച കേസിലും മനഃപൂർവം വാഹനം ഇടിപ്പിച്ച് യാത്രക്കാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലുമാണ് ഇരുകൂട്ടരെയും അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ അരുൺ, വർഗീസ്, സി.പി.ഒ സുഭാഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.