കിഴുപ്പിള്ളിക്കരയിൽ വീട് ആക്രമിച്ച് യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ചയാൾ അറസ്റ്റിൽ
text_fieldsഅന്തിക്കാട്: കിഴുപ്പിള്ളിക്കര മുനയത്ത് വീട്ടിൽ കയറി വാൾകൊണ്ട് ഗ്രില്ലിൽ വെട്ടി വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പ്രദേശവാസിയെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപിക്കുകയും ചെയ്ത കേസിൽ ഒരാളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ റൗഡി ലിസ്റ്റിൽപെട്ട കിഴുപ്പിള്ളിക്കര ചേനോത്ത് വീട്ടിൽ ആദിഷിനെയാണ് (30) എസ്.എച്ച്.ഒ പി.കെ. ദാസും സംഘവും അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റു മൂന്ന് പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്. ഒന്നാം പ്രതി കാട്ടൂർ കരാഞ്ചിറ സ്വദേശി ചാഴുവീട്ടിൽ അസ്മിൻ (26), കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ എന്നിവരാണ് ഒളിവിൽ പോയത്.
സ്ഥിരം കുറ്റവാളിയായ അസ്മിനെതിരെ 13 കേസുകൾ കാട്ടൂർ പൊലീസ് സ്റ്റേഷനിലുണ്ട്. ഞായറാഴ്ച വൈകീട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. അസ്മിനെ മറ്റൊരു കേസിൽ കാട്ടൂർ പൊലീസ് പിടികൂടിയത് ഒറ്റിയതാണെന്ന് ആരോപിച്ച് കിഴുപ്പിള്ളിക്കര സ്വദേശികളായ ഗോവിന്ദനെയും സജീഷിനെയും വീട്ടിലെത്തി ആക്രമിക്കാനാണ് നാൽവർ സംഘം എത്തിയതെന്ന് പൊലീസ് പറഞ്ഞു.
വഴിയിൽ സജീഷിന്റെ വീട്ടിൽ കയറിയ സംഘം വീടിന്റെ ഗ്രില്ലിൽ വാൾകൊണ്ട് വെട്ടി വധഭീഷണി മുഴക്കിയതായാണ് പരാതി. ഗോവിന്ദനെ വീട്ടിലെത്തി കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. ഇരു കൂട്ടരുടെയും പരാതിയിൽ നാല് പേർക്കുമെതിരെ വധശ്രമത്തിനും വധഭീഷണി മുഴക്കിയതിനും കേസെടുത്തതായി പൊലീസ് പറഞ്ഞു.
എസ്.ഐമാരായ എ. ഹബീബുല്ല, സി. ഐശ്വര്യ, വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ പോയ ഒന്നാം പ്രതിയും സ്ഥിരം കുറ്റവാളിയുമായ അസ്മിനെ കുറിച്ച് വിവരം ലഭിക്കുന്നവർ അന്തിക്കാട് സ്റ്റേഷനിലെ 9497987140 എന്ന നമ്പറിൽ അറിയിക്കണമെന്ന് എസ്.എച്ച്.ഒ പി.കെ. ദാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.