കോർപറേഷൻ റവന്യൂ വിഭാഗം ഉദ്യോഗസ്ഥയെ ആക്രമിക്കാൻ ശ്രമം; പരാതി നൽകാതെ അധികൃതർ
text_fieldsതൃശൂർ: കോർപറേഷൻ റവന്യൂ വിഭാഗത്തിലെ വനിത ഉദ്യോഗസ്ഥയെ നികുതി അടക്കാൻ വന്നവർ കസേരയെടുത്ത് അടിക്കാൻ ശ്രമിച്ചു. ടോക്കണെടുത്ത് ഏറെ നേരം വരിനിന്നിട്ടും നികുതി അടക്കാനാവാതെ അക്ഷമരായ ചിലരാണ് ആക്രമണത്തിന് മുതിർന്നത്. മറ്റുള്ളവർ ചേർന്ന് ഇവരെ മാറ്റിനിർത്തുകയായിരുന്നു. ഇതിനെതിരെ പരാതി നൽകാതെ അധികൃതർ വിവരം മൂടിവെക്കാൻ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു.
രണ്ടു ദിവസം മുമ്പ് 80 പേർക്ക് ടോക്കൺ കൊടുത്തിട്ട് അഞ്ചുപേർക്കു മാത്രമാണ് നികുതി അടക്കാൻ സാധിച്ചത്. മാർച്ച് 31നകം പലിശയില്ലാതെ അടക്കാൻ അവസരം ഉണ്ടായിട്ടും കോർപറേഷൻ നികുതി വിഭാഗത്തിന്റെ കെടുകാര്യസ്ഥതകൊണ്ട് 45 ശതമാനം പേർക്കും അവസരം പ്രയോജനപ്പെടുത്താനായില്ലെന്ന് പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലൻ ചൂണ്ടിക്കാട്ടി.
നികുതി വൻതോതിൽ വർധിപ്പിച്ചും പലിശയും പിഴപ്പലിശയും 10 ശതമാനം സേവനനികുതിയും ലൈബ്രറി സെസും ചേർത്ത് വൻ നികുതിയാണ് ജനങ്ങളിൽനിന്ന് ഈടാക്കുന്നത്. ഇത് നികുതിക്കൊള്ളയാണ്.
രാവിലെ ടോക്കൺ എടുത്തവർ വൈകീട്ടുവരെ വരി നിന്നിട്ടും അടക്കാനാവാത്ത സ്ഥിതിയാണ്. മാസങ്ങളായി ഈ അവസ്ഥ തുടരുകയാണ്.
സർക്കാർ ഉത്തരവുകൾ നിലനിൽക്കെ സഞ്ജയ് സോഫ്റ്റ്വെയറിൽ ഡേറ്റ എൻട്രി നടത്താതെയും എൻട്രി നടത്തിയതുതന്നെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായതിനാലും താൽക്കാലിക ജീവനക്കാരെവെച്ച് നടത്തിയ ഡേറ്റ എൻട്രി മേലുദ്യോഗസ്ഥന്മാർ പരിശോധിക്കാതെയും ഗുരുതരമായ വീഴ്ചകളാണ് സംഭവിച്ചത്.
ഇതുമൂലം കെ-സ്മാർട്ടുമായി ലിങ്ക് ചെയ്യാൻ സാധിക്കുന്നില്ല. നികുതി കൃത്യമായി അടച്ചവർക്കുപോലും കുടിശ്ശികയുടെ പേരിൽ വൻ തുകയുടെ ബില്ലാണ് നൽകുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
വനിത ഉദ്യോഗസ്ഥയെ ആക്രമിക്കാൻ ശ്രമിച്ച സംഭവം മൂടിവെക്കുന്നത് കോർപറേഷനിലെ നികുതി ക്രമക്കേടുകൾ പുറത്തറിയാതിരിക്കാനാണെന്നും ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കോർപറേഷൻ നികുതി വിഭാഗത്തിലെ ക്രമക്കേടുകൾ വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.