പറമ്പിൽ കൂട്ടിയിട്ട മാലിന്യം കത്തിക്കാൻ ശ്രമം; സ്ഥലമുടമക്ക് 25,000 രൂപ പിഴ
text_fieldsആമ്പല്ലൂര്‍: പാലിയേക്കര ദേശീയപാതക്ക് സമീപം പറമ്പില്‍ കൂട്ടിയിട്ട മാലിന്യം കത്തിക്കാന്‍ ശ്രമിച്ച സ്ഥലമുടമക്ക്പഞ്ചായത്ത് 25,000 രൂപ പിഴയിട്ടു. ടോള്‍പ്ലാസയുടെ പിറകിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് 30 ടണിലേറെ മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നത്. തൃശൂര്‍ ടൗണ്‍ പരിസരത്തുനിന്ന് ശേഖരിച്ച ആശുപത്രി, സ്റ്റുഡിയോ, ഇലക്ട്രോണിക്സ് മാലിന്യവും ഫ്ലാറ്റുകളില്‍നിന്നും ബ്യൂട്ടി പാര്ലറുകളില്നിന്നുമുള്ള ഖരമാലിന്യവും ഇവിടെയുണ്ട്.
മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്ത് പലതവണ നോട്ടീസ് നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. മാസങ്ങള്‍ക്കു മുമ്പ് സ്ഥലമുടമയുടെ പേരില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 2000 രൂപ പിഴയിടുകയും അടിയന്തരമായി മാലിന്യം നീക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നാല് വണ്ടികളിലായി 15 ടണ്‍ വരുന്ന മാലിന്യം ഇവിടെനിന്ന് കൊണ്ടുപോയിരുന്നു. ശേഷിച്ച മാലിന്യം മണ്ണിട്ട് മൂടാനുള്ള ഉടമയുടെ ശ്രമം ശ്രദ്ധയില്‍പ്പെട്ടതോടെ പഞ്ചായത്ത് വീണ്ടും നോട്ടീസ് നടപടിയുമായി രംഗത്തെത്തി.
അടിയന്തര നടപടിക്കായി പുതുക്കാട് പൊലീസിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ജനുവരി 25ന് നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും മാലിന്യം നീക്കാതിരുന്ന സ്ഥലമുടമ പലയിടത്തായി കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഈ ഭൂമിയിലൂടെയുള്ള നീരൊഴുക്കിന് തടസ്സം വന്നതോടെ പഞ്ചായത്ത് നീര്‍ത്തട മലിനീകരണത്തിന്റെ വകുപ്പില്‍പെടുത്തി 25,000 രൂപ പിഴ ചുമത്തി. കലക്ടര്‍, ആര്.ടി.ഒ, പൊലീസ് എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ടണ്‍ കണക്കിന് ഖരമാലിന്യം നീക്കുന്നതും സംസ്കരിക്കുന്നതും ചെലവ് വരുന്നതാണെന്ന് സ്ഥലമുടമ പറയുന്നത്. പ്ലാസ്റ്റിക്കും ചില്ലും വേര്‍തിരിക്കുന്നതുതന്നെ ഭാരിച്ച പണിയാണ്. മാലിന്യം സംസ്കരിക്കുന്നതിന് കഞ്ചിക്കോട്ടേക്ക് കൊണ്ടു പോകുന്നതിനുള്ള തയാറെടുപ്പിലാണെന്ന് ഉടമ അറിയിച്ചതായി നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.