ആളൂരിലെ മുത്തശ്ശിമാവുകൾ ഉണക്കി നശിപ്പിക്കാൻ വീണ്ടും ശ്രമം
text_fieldsആളൂർ: ജങ്ഷനിലെ പോട്ട -മൂന്നുപീടിക സംസ്ഥാന പാതയോരത്തുള്ള മുത്തശ്ശിമാവുകൾ ഉണക്കി നശിപ്പിക്കാൻ ശ്രമം നടന്നതായി പരാതി. നാട്ടുമാവുകളുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചാണ് ഉണക്കാൻ ശ്രമം നടന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പരാതിപ്പെട്ടു. ഇതേതുടർന്ന് മാവിന്റെ അടിയിൽനിന്ന് അഞ്ചടിയോളം ഉയരത്തിൽ തൊലി കത്തിക്കരിഞ്ഞ് പശ ഒലിച്ചിറങ്ങിയ നിലയിലാണ്.
ചപ്പുചവറുകൾ ആളിക്കത്താൻ പെട്രോളോ മണ്ണെണ്ണയോ ഉപയോഗിച്ചിരിക്കാമെന്നും അതാണ് മരത്തിന്റെ തടിഭാഗം ഇത്രയേറെ കത്തിക്കരിയാനിടയായതെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു. സമീപത്തുള്ള മറ്റൊരു മാവിന്റെ ശിഖരങ്ങൾ വെട്ടിമാറ്റുകയും ചെയ്തിട്ടുണ്ട്. മാവുകൾ ശല്യമായെന്ന് സ്വകാര്യ വ്യക്തി പരാതിപ്പെട്ടതിനെ തുടർന്ന് 2019 ഫെബ്രുവരിയിൽ പൊതുമരാമത്ത് വകുപ്പ് ഇവിടത്തെ മൂന്ന് മാവുകളും ലേലം ചെയ്യാൻ ശ്രമിച്ചിരുന്നു. ഒരു കേടുപാടുമില്ലാത്ത മാവുകൾ മുറിക്കുന്നതിനെതിരെ ജനങ്ങൾ സംഘടിച്ച് ലേലനടപടികൾ തടസ്സപ്പെടുത്തിയതിനെ തുടർന്ന് അന്ന് ലേലം നിർത്തിവെക്കുകയായിരുന്നു. അന്നും മാവിന്റെ കടക്കൽ തീയിട്ട് കത്തിക്കുകയും ചെയ്തിരുന്നു.
മാവ് സംരക്ഷകനായ എം. മോഹൻദാസ് ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകരും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും അന്ന് വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതേതുടർന്ന് മാവ് മുറിക്കാനുള്ള നീക്കം നടന്നില്ല. പിന്നീട് അനുമതിയില്ലാതെ മാവിന്റെ ശിഖരങ്ങൾ മരംവെട്ട് തൊഴിലാളികളെ ഉപയോഗിച്ച് വെട്ടിമാറ്റാൻ ശ്രമിച്ചതും നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ഇടപെട്ട് തടഞ്ഞിരുന്നു. പിന്നീട് ഈ മൂന്നു മാവുകൾക്കും ആളൂർ പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ തറ കെട്ടി സംരക്ഷിച്ചു.
പോട്ട മുതൽ മൂന്നുപീടിക വരെ സംസ്ഥാന പാതയോരത്തുള്ള ഏറ്റവും പ്രായമുള്ളതും വലുപ്പമേറിയതുമായ ഈ നാട്ടുമാവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ഇ.കെ. ജനാർദനൻ, എൻ.ഒ. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഓട്ടോ ടാക്സി തൊഴിലാളികൾ ഉൾപ്പെടെ നാട്ടുകാർ ആളൂർ ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ ജൈവപരിപാലന സമിതിയുടെ യോഗം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വിളിച്ചിട്ടുണ്ടെന്നും നിയമനടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ തീരുമാനിക്കുമെന്നും സമിതി കൺവീനർ പി.കെ. കിട്ടൻ മാസ്റ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.