ജയിലിലെ കുഞ്ഞൻ പുസ്തകത്തിന് വമ്പൻ ഡിമാൻഡ്
text_fieldsതൃശൂർ: തടവുകാരുടെ കഥയറിയാൻ കുഞ്ഞൻ പുസ്തകം അന്വേഷിച്ച് ജയിലിലേക്ക് വിളികൾ. വിയ്യൂർ ജില്ല ജയിലിൽനിന്ന് പ്രസിദ്ധീകരിച്ച ‘ചുവരുകളും സംസാരിക്കും’ എന്ന മിനിയേച്ചർ പുസ്തകത്തിനാണ് ആവശ്യക്കാരേറിയത്. കറക്ഷനൽ രംഗത്ത് അക്ഷര ചികിത്സ എന്ന രീതിയിൽ അവതരിപ്പിച്ച സദ്ഗമയ സാഹിത്യരചന ക്യാമ്പും മിനിയേച്ചർ പുസ്തകവും പത്രവാർത്തകളിലൂടെ ശ്രദ്ധ നേടിയതാണ് കുഞ്ഞൻ പുസ്തകത്തെ ആകർഷകമാക്കിയത്.
എന്നാൽ, പുസ്തക വിൽപനയും കണക്കു സൂക്ഷിപ്പും നൂലാമാലകളായതിനാൽ ജയിൽ ലൈബ്രറിയിലേക്ക് രണ്ടോ മൂന്നോ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നവർക്ക് മിനിയേച്ചർ പുസ്തകം അയച്ചുനൽകാനാണ് ഇപ്പോൾ ജില്ല ജയിൽ ആലോചിക്കുന്നത്.
സ്വന്തം മേൽവിലാസമെഴുതിയ 10 രൂപ സ്റ്റാമ്പൊട്ടിച്ച കവർ സഹിതം സൂപ്രണ്ട്, ജില്ല ജയിൽ, വിയ്യൂർ, തൃശൂർ ജില്ല എന്ന വിലാസത്തിൽ അയച്ച് നൽകിയാൽ കുഞ്ഞൻ പുസ്തകം അയച്ച് നൽകും. പുതിയതോ പഴയതോ ആയ മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലുള്ള പുസ്തകങ്ങൾ സംഭാവന നൽകാം.
ലൈബ്രറിയുടെ വിളർച്ചരോഗത്തിനുതന്നെയാവട്ടെ ‘അക്ഷര ചികിത്സ’ എന്നാണ് സൂപ്രണ്ട് കെ. അനിൽകുമാറിന്റെ അഭിപ്രായം. ജയിലിലെ തടവുകാരുടെ കല -സാഹിത്യ സൃഷ്ടികൾ ഉൾപ്പെടുത്തിയതാണ് ചുവരുകളും സംസാരിക്കുമെന്ന കുഞ്ഞൻ പുസ്തകം. ആറ് സെന്റിമീറ്റർ നീളവും നാല് സെന്റിമീറ്റർ വീതിയും മാത്രമുള്ളതാണ് പുസ്തകം.
ജയിലിനകത്ത് സംഘടിപ്പിച്ച സദ്ഗമയ കല സാഹിത്യ ക്യാമ്പിൽ പങ്കെടുത്ത നൂറിൽപരം തടവുകാരിൽനിന്ന് കവിതകൾ എഴുതാൻ കഴിയുന്നവരെക്കൊണ്ട് എഴുതിച്ച 18 രചനകളാണ് പുസ്തകത്തിലുള്ളത്. എഴുത്തുകാരൻ ഗിന്നസ് സത്താർ ആദൂർ എഡിറ്റിങ് നിർവഹിച്ച 40 പേജിൽ ബഹുവർണ നിറത്തിലുള്ളതാണ് കവിതസമാഹാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.