ആശങ്ക സൃഷ്ടിച്ച് ചാലക്കുടി പുഴയോരത്ത് മുതലക്കുഞ്ഞുങ്ങൾ
text_fieldsഅതിരപ്പിള്ളി: ചാലക്കുടിപ്പുഴയിൽ മുതലകൾ മുട്ടയിട്ട് പെരുകുന്നതായി ആശങ്ക. ചാലക്കുടിപ്പുഴ അപകടരഹിതമാണെന്ന വിശ്വാസത്തിൽ നിരവധി പേരാണ് പുഴയിലിറങ്ങുന്നത്.
പ്രത്യേകിച്ച് വേനൽക്കാലത്ത് വിനോദ സഞ്ചാരികളടക്കം വെള്ളത്തിൽ കിടക്കാനും നീന്താനും വേണ്ടി പുഴയുടെ വിവിധ സ്ഥലങ്ങളിൽ വെള്ളത്തിലിറങ്ങാറുണ്ട്. എന്നാൽ, ചാലക്കുടി പുഴ അത്രയൊന്നും സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകളാണ് പ്രകൃതി ഫോട്ടോഗ്രാഫർമാർ പങ്കുവെക്കുന്നത്.
കഴിഞ്ഞദിവസം ഈ ആശങ്കയെ സാധൂകരിക്കുന്ന രീതിയിൽ ചാലക്കുടിപ്പുഴയോരത്ത് ആറ് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. പുഴയോരത്തെ മണ്ണിൽ മുട്ടയിട്ട് വിരിഞ്ഞ കുഞ്ഞുങ്ങളുടെ ദൃശ്യമാണ് ഒരു പ്രകൃതി ഫോട്ടോഗ്രാഫർ പകർത്തിയത്. രണ്ട് മാസത്തോളം പ്രായമുള്ളവയാണ് ഇവ. ഇതുപോലെ പുഴയുടെ മറ്റ് ഭാഗങ്ങളിൽ എവിടെയെങ്കിലുമൊക്കെ പെറ്റുപെരുകുന്നുണ്ടോയെന്ന് വ്യക്തമല്ല. ചാലക്കുടിപ്പുഴയിൽ ആദ്യമായല്ല മുതലയെ കണ്ടെത്തുന്നത്.
വിജനമായ സ്ഥലങ്ങളിൽ പുഴയിലെ പാറക്കെട്ടുകളിൽ വിശ്രമിക്കുന്ന ഒറ്റപ്പെട്ട മുതലകളെ നേരത്തേയും കണ്ടെത്തിയിട്ടുണ്ട്. ഇവ ആളനക്കം അറിഞ്ഞാൽ വെള്ളത്തിലേക്ക് കൂപ്പുകുത്തും. ഇവ ആക്രമണകാരികളല്ലെന്നാണ് ധാരണ. വർഷങ്ങൾക്കുമുമ്പ് ഇത്തരമൊരു മുതല റിസോർട്ടിനുള്ളിൽ കയറിയിരുന്നു. അതിനെ വനപാലകർ പിടികൂടി കൊണ്ടുപോവുകയായിരുന്നു.
ഇങ്ങനെയാണെങ്കിലും ആരെയും മുതല ഇതുവരെ ആക്രമിച്ച വിവരം പുറത്തുവന്നിട്ടില്ല. കഴിഞ്ഞദിവസം വാൽപ്പാറ ഭാഗത്ത് പുഴയിലിറങ്ങിയ യുവാവിനെ മുതല ആക്രമിച്ച് രണ്ട് കാലുകളും കടിച്ച് പരിക്കേൽപ്പിച്ചു. ഇയാൾ ചികിത്സയിലാണ്. ഈ വാർത്ത മേഖലയിൽ ചെറിയഭീതി പരത്തിയിട്ടുണ്ട്.
പുഴയിലിറങ്ങി നീന്താൻ സുരക്ഷിതമാണ് ചാലക്കുടിപ്പുഴയെന്ന ധാരണ തിരുത്തിക്കുറിക്കുകയാണ്. മുതലകളുടെ വംശവർധന നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയെ ബാധിക്കുമെന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.