ഗുരുവായൂരിൽ ബാഗേജ് സ്കാനറുകൾ പൊടിപിടിക്കുന്നു
text_fieldsഗുരുവായൂർ: ദർശനത്തിനെത്തുന്ന ഭക്തരുടെ ബാഗുകൾ പരിശോധിക്കാനായി ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ ബാഗേജ് സ്കാനറുകൾ ദേവസ്വത്തിന്റെ കൃഷ്ണനാട്ട പരിശീലന കളരിയായ കലാനിലയത്തിൽ കിടന്ന് പൊടിപിടിക്കുന്നു. ക്ഷേത്രത്തിൽ ബോംബ് ഭീഷണി സ്ഥിരമായതിനെ തുടർന്ന് 2.5 കോടിയുടെ സുരക്ഷ ഉപകരണങ്ങളിൽ ഉൾപ്പെടുന്നതാണ് സ്കാനറുകൾ. 56 ലക്ഷത്തോളം രൂപ ചെലവിട്ടാണ് പുണെ ഭെല്ലിൽനിന്ന് 2013ൽ സ്കാനറുകൾ വാങ്ങിയത്. സ്കാനറുകൾ എത്തി ഏറെ കഴിഞ്ഞാണ് ഇവ ഉപയോഗിച്ചുതുടങ്ങിയത്. അധികകാലം കഴിയും മുമ്പ് പ്രവർത്തനം നിർത്തുകയും ചെയ്തു. ബാഗ് പരിശോധനക്ക് നിലവിൽ സംവിധാനമൊന്നുമില്ല. വാങ്ങിയ സ്കാനറുകൾ കലാനിലയിത്തിൽ കിടക്കുകയാണ്. സ്കാനർ കൊണ്ടുവന്ന പെട്ടി ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഔദ്യോഗികവസതിക്ക് മുന്നിലും ബഹുനില പാർക്കിങ് സമുച്ചയത്തിന് മുന്നിലും സെക്യൂരിറ്റിക്കാരുടെ കാബിൻ ആയി ഉപയോഗിക്കുന്നുണ്ട് എന്നതാണ് ഇതുകൊണ്ടുണ്ടായ ഏക ഗുണമെന്ന് ക്ഷേത്ര രക്ഷാസമിതി ജനറൽ കൺവീനർ ബിജു മാരാത്ത് പറഞ്ഞു. സുരക്ഷയുടെ പേരിൽ സ്ഥാപിക്കുന്ന ഉപകരണങ്ങൾകൊണ്ട് പ്രയോജനമൊന്നും ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.