ഗുണ്ടകളുടെ വിരുന്ന്; പൊലീസിന് ഗുരുതര വീഴ്ച
text_fieldsതൃശൂർ: ജില്ലയിലെ ഗുണ്ടകൾ വിരുന്ന് സംഘടിപ്പിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി വിലയിരുത്തൽ. ജയിലിൽ നിന്നിറങ്ങിയ കൊലക്കേസ് പ്രതിയാണ് ലഹരിയടക്കം വിളമ്പി വിരുന്ന് സംഘടിപ്പിച്ചത്. സംഭവ സമയം സ്ഥലത്ത് എത്തിയ പൊലീസ് ഗുണ്ടകളുടെ വിശദീകരണം കേട്ട് മടങ്ങിയതും സ്പെഷൽ ബ്രാഞ്ച് കാര്യങ്ങൾ യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നതും ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്. വിരുന്നിൽ പങ്കെടുത്ത ഒരു ഗുണ്ടാ നേതാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതായും പറയുന്നുണ്ട്.
ഏതാനും വർഷം മുമ്പുവരെ ജില്ല ഗുണ്ടകളുടെ വിഹാരകേന്ദ്രമായിരുന്നു. എന്നാൽ, ചില ഉദ്യോഗസ്ഥർ കർശന നടപടിയുമായി രംഗത്തെത്തിയതോടെ പലരും പത്തിമടക്കി. ചിലർ പ്രവർത്തനം മതിയാക്കിയപ്പോൾ ചിലരെല്ലാം പ്രവർത്തനകേന്ദ്രം മാറ്റി. ജില്ലയിൽ പതിവിലേറെ സമാധാനം കൈവരുകയും ചെയ്തു. എന്നാൽ, ഏതാനും നാളുകളായി ജില്ലയിൽ ഗുണ്ടകളുടെ മടങ്ങിവരവാണ് കാണുന്നത്. ഏതാനും മാസങ്ങൾക്കിടെ നിരവധി കൊലപാതകങ്ങളാണ് ജില്ലയിൽ അരങ്ങേറിയത്. പൊലീസ് തലപ്പത്തുള്ളവർ ഗുണ്ടകളെ അമർച്ച ചെയ്യാൻ കാര്യമായ താൽപര്യം കാട്ടാത്തതിനാൽ താഴെ തലത്തിലും നടപടികൾ കാര്യമായി മുന്നേറിയില്ല.
പ്രായപൂർത്തിയാകാത്ത പലരും ഗുണ്ടാസംഘങ്ങളുടെ ഭാഗമായിട്ടുപോലും പൊലീസ് ഗൗരവപൂർവമായ സമീപനം കൈക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്. പൊലീസിലെ പലരും ഗുണ്ടകളുമായി ചങ്ങാത്തം പുലർത്തുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയും ഗുണ്ടകൾക്ക് സഹായമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.