വടക്കുന്നാഥനിലെ ആൽമുത്തശ്ശി പൂരത്തിനുണ്ടാകുമോ?
text_fieldsതൃശൂർ: ചുട്ടുപൊള്ളുന്ന വെയിലിൽ പൂരം കാണാൻ തണലൊരുക്കി നൂറ്റാണ്ടിന്റെ പൂരക്കാഴ്ചകളും ഉപചാരങ്ങളും കണ്ട വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നിലെ ആൽമരം അപകടാവസ്ഥയിൽ. ഏഴ് വർഷം മുമ്പ് മുറിച്ചുനീക്കാൻ തീരുമാനമെടുത്ത് വാൾത്തലപ്പിന് മുന്നിൽനിന്ന് പുനർജന്മം നേടി തളിർത്ത ആൽമരം വീണ്ടും വിഷമത്തിലാണ്.
വേരിലൂടെ പടർന്ന ചിതൽ തടിയുടെ പാതിയിലേറെയും കാർന്നെടുത്തുകഴിഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ വീണ്ടും നാട് പൂരത്തിലലിയാനിരിക്കെയാണ് ആശങ്കയിലാക്കി ആൽമുത്തശ്ശി ദീനത്തിലായിരിക്കുന്നത്.
2013ൽ വടക്കുന്നാഥ ക്ഷേത്രത്തിലെ പ്രഭാഷണത്തിനെത്തിയ സ്വാമി ഭൂമാനന്ദ തീർഥയാണ് ആൽമരത്തിന്റെ വേരിൽ പടർന്ന് കയറിയ ചിതലിനെയും മരത്തിന്റെ അപകടാവസ്ഥയെയും ചൂണ്ടിക്കാണിച്ചത്. ദേവസ്വം അധികൃതരെയും വിശ്വാസത്തിന്റെ പേരിൽ മുഴുവൻ സമയം ചുറ്റിത്തിരിയുന്നവരെയും രൂക്ഷമായി വിമർശിച്ചായിരുന്നു ഭൂമാനന്ദ തീർഥയുടെ ഓർമപ്പെടുത്തൽ.
ഇതോടെ വനഗവേഷണ കേന്ദ്രത്തിൽനിന്ന് വിദഗ്ധരെത്തി പരിശോധന നടത്തി. മരത്തിന്റെ പ്രായാധിക്യവും ചിതൽ മരത്തിന്റെ ഏറിയഭാഗവും അപഹരിച്ചതുമെല്ലാം വിശദീകരിച്ച് മുറിച്ചുനീക്കാനുള്ള ശിപാർശയായിരുന്നു ദേവസ്വം അധികൃതർക്ക് നൽകിയത്.
എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ച് ആൽമരം വീണ്ടും തളിർത്ത് ഇലകളായി വീണ്ടും നിരവധി പൂരക്കാഴ്ചകൾക്ക് തണലൊരുക്കി. പുനർജന്മമെടുത്ത ആൽമുത്തശ്ശിക്ക് ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡും വടക്കുന്നാഥൻ ഉപദേശകസമിതിയും പൂരപ്രേമികളും ആദരമൊരുക്കിയിരുന്നു.
മാസങ്ങൾക്കിപ്പുറമാണ് ആൽ വീണ്ടും ശോച്യാവസ്ഥയിലാണെന്ന് അറിയുന്നത്. ക്ഷേത്രത്തിന്റെ മരമായതിനാൽ മുറിക്കുന്നതിന് താന്ത്രികാനുമതിയും മനുഷ്യനെ സംസ്കരിക്കുന്നതിന് സമാനമായ ചടങ്ങുകളുമടക്കമുള്ളവ വേണ്ടതുണ്ട്.
അതിലുപരി, വാർധക്യത്തിലും ആരോഗ്യം ക്ഷയിച്ച് തീരുമ്പോഴും ആൽമുത്തശ്ശി ഇപ്പോഴും തളിരിടുന്നത് ദേവസ്വം അധികൃതരെയും ഉപദേശകസമിതിയംഗങ്ങളെയും മുറിക്കുകയെന്ന കടുത്ത തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. പക്ഷേ, പൂരത്തിനിടയിൽ വലിയ ദുരന്തത്തിനിടയാക്കുന്ന സാഹചര്യമുണ്ടാവാതിരിക്കാനുള്ള ശ്രമങ്ങളാണ് ആലോചിക്കുന്നത്.
ഉപദേശകസമിതി ഇതുസംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡിനെ അറിയിച്ച് വിദഗ്ധരടക്കമുള്ളവരുമായുള്ള പരിശോധനക്ക് ശേഷം തീരുമാനിക്കാനാണ് ആലോചിക്കുന്നത്. ഏപ്രിൽ അവസാനമാണ് പൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.