പെരുമ്പിലാവിലെ ബാർ; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsപെരുമ്പിലാവ്: അൻസാർ ആശുപത്രിക്ക് സമീപമുള്ള ഹോട്ടൽ ഫോർ സ്റ്റാറാക്കി ഉയർത്തുന്നതോടെ ബാർ കൗണ്ടർ ആരംഭിക്കുമെന്നറിഞ്ഞ നാട്ടുകാർ ബാറിനെതിരെ സമരവുമായി രംഗത്ത്.
പെരുമ്പിലാവ് പാമ്പുംകാവ് റോഡ് പ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ ഇരുപതോളം കുടുംബങ്ങളാണ് വിദ്യ ഹോട്ടലിനു മുന്നിൽ പ്രതിഷേധമുയർത്തിയത്. ഹോട്ടൽ ഫോർ സ്റ്റാർ ആക്കുന്നതിനും ബാർ അനുവദിക്കാനുമുള്ള പരിശോധനക്കായി ഉദ്യോഗസ്ഥർ എത്തിയതോടെയാണ് നാട്ടുകാർ ഹോട്ടൽ അധികാരികളെ കണ്ട് പ്രതിഷേധമറിയിക്കുകയും ടൂറിസം ഉദ്യോഗസ്ഥർക്ക് നൂറോളം പേർ ഒപ്പിട്ട പരാതി നൽകുകയും ചെയ്തത്.
വർഷങ്ങൾക്കു മുമ്പ് വന്ന ബാറിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ നാട്ടുകാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ ബാർ ഉടമയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകിയ റോഡാണ് പുതിയ ബാറിലേക്കുള്ള സഞ്ചാര പാതയാക്കുന്നതെന്ന ആശങ്കയാണ് നാട്ടുകാരിൽ പ്രതിഷേധത്തിന് കാരണമായത്. ഇതിനെതിരെ നാട്ടുകാർ പഞ്ചായത്തിനും കലക്ടർക്കും എക്സൈസ് കമീഷണർക്കും പരാതി നൽകിയിട്ടുണ്ട്.
ഹോട്ടൽ ഉടമക്ക് ഭരണകക്ഷിയോട് സ്വാധീനമുള്ളതിനാൽ സംസ്ഥാന സർക്കാറും നിലവിലെ പഞ്ചായത്ത് ഭരണസമിതിയും ബാറിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. ബാർ വരുന്നതിനെതിരെ മുഴുവൻ രാഷ്ട്രീയ കക്ഷികളെയും മത സാംസ്കാരിക രംഗത്തുള്ളവരെയും സംഘടിപ്പിച്ച് ആക്ഷൻ കൗൺസിൽ രൂപവത്കരിക്കാനും തീരുമാനിച്ചു.
പ്രതിഷേധ സമരത്തിന് സജീവ്, ഇദ്രീസ്, ജമാൽ കോട്ടോൽ, ഷെരീഫ്, ഇ.വി.എം. രതീഷ്, എം.എ. കമറുദ്ദീൻ, സി.കെ. ശറഫുദ്ദീൻ, പി.എം. അൻസാർ, സലാം എന്നിവർ നേതൃത്വം നൽകി.എന്നാൽ, ഈ റോഡിലുള്ള താമസക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും പുതിയ ബാർ അനുമതിക്കായി നൽകിയ സ്കെച്ചിൽ ഈ റോഡ് അടയാളപ്പെടുത്തിയിട്ടില്ലെന്നും പഞ്ചായത്ത് അധികൃതരും ഹോട്ടൽ ഉടമയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.