തേൻ കുടിക്കാനെത്തി മരത്തിൽ കുടുങ്ങിയ കരടിയെ രക്ഷപ്പെടുത്തി
text_fieldsഅതിരപ്പിള്ളി: വാല്‍പ്പാറയിൽ തേൻ കുടിക്കാനെത്തി രണ്ടു ദിവസത്തിലേറെ മരത്തിൽ കുടുങ്ങിയ കരടിയെ വനപാലകർ രക്ഷപ്പെടുത്തി. രണ്ടു വയസ്സുള്ള കരടിയാണ് വാൽപ്പാറയിൽ വാട്ടർ ഫാൾ എസ്റ്റേറ്റിലെ പത്താം നമ്പർ ബ്ലോക്കിലെ ചൗക്ക് മരത്തിൽ കുടുങ്ങിയത്. മരത്തിലെ തേനീച്ചക്കൂട്ടിൽനിന്ന് തേനെടുക്കുമ്പോൾ കരടിയുടെ വലതുകാല്‍ ചില്ലയിൽ കുടുങ്ങുകയായിരുന്നു. വലിച്ചെടുക്കാനുള്ള ശ്രമത്തിനിടെ കാലിന് പരിക്കേറ്റതോടെ രക്ഷപ്പെടൽ അസാധ്യവുമായി.
മരത്തിൽ കുറെ നേരമായി ഇരിക്കുന്ന കരടിയെ എസ്റ്റേറ്റിലെ തൊഴിലാളികൾ കണ്ടെങ്കിലും അവർക്ക് കാര്യം മനസ്സിലായില്ല. പിറ്റേ ദിവസവും കരടി അവിടെത്തന്നെ ഇരിക്കുന്നതു കണ്ടപ്പോൾ തൊഴിലാളികൾ വിവരം വനപാലകരെ അറിയിച്ചു. എന്നാൽ, വിവരമറിഞ്ഞെത്തിയ വനപാലകർ അത് തനിയെ പൊയ്ക്കോളും എന്നു പറഞ്ഞ് തിരിച്ചുപോവുകയായിരുന്നു. എന്നാൽ, പിറ്റേന്നും കരടിയെ അവിടെത്തന്നെ കണ്ടതോടെ തീപ്പന്തം കാട്ടി ഓടിക്കാൻ ശ്രമിച്ചെങ്കിലും അത് അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അപ്പോഴാണ് വലതുകാൽ മരത്തിെൻറ ശാഖകൾക്കിടയിൽ കുടുങ്ങിയതായി മനസ്സിലായത്.
തുടർന്ന് മരം വെട്ടി താഴെയിട്ടെങ്കിലും കരടിക്ക് പോകാനായില്ല. പിന്നീട് മയക്കുവെടിവച്ച് അതിനെ പിടിക്കുകയും കാൽ സ്വതന്ത്രമാക്കുകയും ചെയ്തു. അയ്യർപാടിയിലെത്തിച്ച് പരിക്കേറ്റ ഭാഗത്ത് ശുശ്രൂഷകൾ നൽകി. പരിക്ക് ഭേദമായാൽ അതിനെ തുറന്നുവിടാനാണ് വനപാലകരുടെ പദ്ധതി. വാൽപ്പാറയിൽ കരടിശല്യം വർധിച്ചുവരുകയാണെന്ന് പരാതിയുണ്ട്. കഴിഞ്ഞ മാസം രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഒരു തോട്ടം തൊഴിലാളിയെ കരടി കൊല്ലുകയും ഒരാളെ ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.