കാട്ടാനകളെ തുരത്താൻ ഭരതും വിക്രമും റെഡി
text_fieldsആമ്പല്ലൂര്‍: പാലപ്പിള്ളിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതിപരത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടാനകളെ കാട് കയറ്റാന്‍ കുങ്കിയാനകളെ പാലപ്പിള്ളിയില്‍ എത്തിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ ഭരത്, വിക്രം എന്നീ കുങ്കിയാനകളാണ് പാലപ്പിള്ളിയിലെത്തിയത്. കള്ളായി കുട്ടന്‍ചിറ പത്താഴപ്പാറയിലാണ് കുങ്കിയാനകള്‍ക്ക് താവളമൊരുക്കിയത്. വയനാട്ടിലെ മുത്തങ്ങ പരിശീലനകേന്ദ്രത്തില്‍നിന്നുള്ള ആനകള്‍ വെള്ളിയാഴ്ച രാത്രിയാണ് വരന്തരപ്പിള്ളി പത്താഴപ്പാറയിലെത്തിയത്.
വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 12 അംഗ സംഘം കുങ്കിയാനകള്‍ക്ക് ഒപ്പമുണ്ട്. രണ്ട് ലോറികളിലായി കൊണ്ടുവന്ന ആനകള്‍ക്കൊപ്പം രണ്ട് പാപ്പാന്മാരും സഹായികളുമുണ്ട്.രണ്ട് ബയോളജിസ്റ്റ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ എന്നിവരും സംഘത്തിലുണ്ട്. കള്ളായി പത്താഴപ്പാറയില്‍ കുങ്കിയാനകള്‍ക്ക് താവളമൊരുക്കിയതിനാല്‍ കള്ളായിമൂല മുതല്‍ പത്താഴപ്പാറ വരെയുള്ള ഭാഗത്ത് വനം വകുപ്പ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.ഞായറാഴ്ച മുതല്‍ കാട്ടാനകളെ കാട് കയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷമീര്‍ പറഞ്ഞു. പകലാണ് ആനകളെ കാടുകയറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയെന്ന് ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.
കാട്ടാനകള്‍ നിരന്തരമായി ഇറങ്ങുന്ന പ്രദേശങ്ങളുടെ ഡിജിറ്റല്‍ മാപ്പ് വനപാലകര്‍ കുങ്കിയാന സംഘത്തിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ആനത്താരകള്‍ നോക്കിയാണ് കുങ്കിയാനകള്‍ സേവനത്തിനിറങ്ങുക. മൂന്ന് ഒറ്റയാനും നിരവധി ആനക്കൂട്ടങ്ങളുമാണ് മേഖലയിലുള്ളതെന്ന് വനപാലകര്‍ സംഘത്തെ അറിയിച്ചു. ആദ്യഘട്ടത്തില്‍ കുട്ടന്‍ചിറ, വേപ്പൂര്‍, വട്ടക്കൊട്ടായി പ്രദേശങ്ങളില്‍ ഇറങ്ങിയ ഒറ്റയാനെയാണ് കാടുകയറ്റാന്‍ നീക്കം.
കുങ്കിയാനകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നാട്ടുകാരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ചിമ്മിനിയില്‍ യോഗം ചേര്‍ന്നു. വയനാട് ആനപ്പന്തിയില്‍ പരിശീലനം നേടിയ ഈ കുങ്കിയാനകള്‍ ആദ്യമായാണ് മറ്റൊരിടത്തേക്ക് കാട്ടാനകളെ കാടുകയറ്റാന്‍ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.