സന്തോഷ നിറവിൽ തൃശൂർ
text_fieldsതൃശൂർ: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിറഞ്ഞ ആഹ്ലാദത്തിലും സന്തോഷത്തിലും അഭിമാനത്തിലും സാംസ്കാരിക നഗരി. ഇത്തവണയെത്തിയത് മൂന്ന് സ്വർണ നക്ഷത്ര പുരസ്കാരങ്ങൾ. മികച്ച നടൻമാരും മികച്ച ഗാനരചയിതാവിനുമുള്ള പുരസ്കാരങ്ങളാണ് തൃശൂരിലെത്തിയത്. ബിജു മേനോൻ, ജോജു ജോർജ് എന്നിവർ മികച്ച നടൻമാരും ഹരിനാരായണൻ മികച്ച ഗാനരചയിതാവുമായി. ആദ്യമായാണ് ബിജു മേനോന് മികച്ച നടൻ പുരസ്കാരം ലഭിക്കുന്നത്.
2015ലെ സംസ്ഥാന അവാർഡിൽ പ്രത്യേക ജൂറി പരാമർശത്തിലൂടെ പുരസ്കാരത്തിൽ ഇടം നേടിയ ജോജു 2019ൽ ജോസഫ് സിനിമയിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരവും ദേശീയ പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു. ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരത്തിൽ ഇത് രണ്ടാം തവണയാണ് ഹരിനാരായണനെ തേടിയെത്തുന്നത്. മത്സരത്തിനുണ്ടായിരുന്ന 142 സിനിമകളിൽനിന്നാണ് ബിജു മേനോനെയും ജോജു ജോർജിനെയും മികച്ച നടൻമാരായി തെരഞ്ഞെടുത്തത്. മികച്ച നടനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ വലിയ വെല്ലുവിളി നേരിട്ടുവെന്നാണ് അവാർഡ് പ്രഖ്യാപനത്തിൽ ജൂറി ചെയർമാൻ സയ്യിദ് അഖ്തർ മിശ്ര പറഞ്ഞത്.
'ആർക്കറിയാ'മെന്ന ചിത്രത്തിലൂടെയാണ് ബിജുമേനോന് അവാർഡ്. 'മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്' തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ് ജോജുവിന് പുരസ്കാരം. വില്ലത്തരവും ഹാസ്യവുമടക്കം എല്ലാതരത്തിലുള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കാനാവുമെന്ന് തെളിയിച്ചവരാണ് ബിജുവും ജോജുവും. കക്ഷി രാഷ്ട്രീയത്തിൽ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ലെങ്കിലും രണ്ടുപേരും കടുത്ത രാഷ്ട്രീയ സൈബർ പോര് നേരിട്ടവരാണ്.
ഇത് രണ്ടാം തവണയാണ് മികച്ച നടൻ പുരസ്കാരം ജില്ലയിലേക്കെത്തുന്നത്. 1988ൽ ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവിയിലൂടെ പ്രേംജിയാണ് ആദ്യ അവാർഡ് നേടിയത്. ബിജുമേനോനും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായുള്ളതാണ് ആർക്കറിയാം സിനിമ. 'മധുരം' സിനിമയിൽ പ്രണയം, നൊമ്പരം, പ്രത്യാശ തുടങ്ങിയവ മനോഹരമായ അഭിനയമാണ് ജോജുവിന്‍റേത്. നായാട്ടിൽ അധികാരവർഗത്തിന്റെ ഇരയാകേണ്ടി വരുന്ന എ.എസ്.ഐ മണിയൻ എന്ന പൊലീസുകാരന്‍റെ നിസഹായതയും ജോജു അതിന്‍റെ എല്ലാ തീവ്രതയോടെ തന്നെ അവതരിപ്പിച്ചു.
'ഫ്രീഡം ഫൈറ്റി'ലേക്ക് വരുമ്പോൾ ബേബി ജോർജ് എന്ന കഥാപാത്രമാണ് ജോജുവിന്‍റേത്. അഭിനയം കണ്ട് ബോളിവുഡ് നടൻ രാജ്കുമാർ റാവു ജോജുവിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയത് ഏറെ ചർച്ചയായിരുന്നു.
2019ലെ ജോസഫ് സിനിമയിലെ ഗാനത്തിനും ഹരിനാരായണന് പുരസ്കാരം ലഭിച്ചിരുന്നു. പുരസ്കാരത്തിളക്കത്തിന്‍റെ അഭിമാന നിറവിലാണ് തൃശൂർ.
ഇനി ഇവിടെ മികച്ച നടിയും നടനും
തൃശൂർ: മികച്ച നടനുള്ള പുരസ്കാരം ബിജുമേനോൻ സ്വന്തമാക്കുമ്പോൾ കുടുംബത്തിൽ ഇനി അവാർഡ് ജേതാക്കളായ മികച്ച നടിയും നടനും. ആദ്യമായി മികച്ച നടൻ പുരസ്കാരം ഭർത്താവായ ബിജു മേനോനെ 2022ൽ തേടിയെത്തുമ്പോൾ ഭാര്യയായ സംയുക്ത വർമ മികച്ച നടിക്കുള്ള പുരസ്കാരം രണ്ട് പതിറ്റാണ്ട് മുമ്പ് നേടിയിരുന്നു. 1999ലും 2000ലും സംയുക്ത വർമയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. 1999ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായുള്ള 'വീണ്ടും ചില വീട്ടുകാര്യങ്ങളി'ലൂടെയാണ് സംയുക്തക്ക് ആദ്യത്തെ മികച്ച നടിക്കുള്ള പുരസ്കാരം. കമലിന്‍റെ 'മധുരനൊമ്പരക്കാറ്റ്', ലെനിൻ രാജേന്ദ്രന്‍റെ 'മഴ', ഹരികുമാർ സംവിധാനം ചെയ്ത 'സ്വയംവര പന്തൽ' ചിത്രങ്ങളിലൂടെയാണ് 2000ൽ ലഭിക്കുന്നത്.
പുതിയ ചിത്രത്തിന്‍റെ ചർച്ചക്കിടെ സർപ്രൈസുമായി അവാർഡ്
തൃശൂർ: പുതിയ ചിത്രത്തിനുള്ള ഒരുക്കത്തിനായി തൃശൂരിൽ ഒത്തുകൂടിയവർക്ക് അപ്രതീക്ഷിത സമ്മാനമായിരുന്ന അവാർഡ് പ്രഖ്യാപനം. സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന 'തങ്കം' സിനിമയുടെ ചിത്രീകരണം ആരംഭിക്കാനായി തൃശൂരിലെ ഹോട്ടലിലായിരുന്നു അവാർഡ് ജേതാക്കൾ.
നടൻ ബിജു മേനോൻ, നടി ഉണ്ണിമായ, സംവിധായകരായ ദിലീഷ് പോത്തൻ, വിനീത് ശ്രീനിവാസൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, കലാസംവിധായകനായ ഗോകുൽദാസ് എന്നിവരാണ് ഒത്തു കൂടിയിരുന്നത്. സംസ്ഥാന പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഇവർക്കെല്ലാം പുരസ്കാരം ലഭിച്ചതും അപ്രതീക്ഷിത സന്തോഷമായി.
'അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. ഒത്തുചേർന്നുള്ള കൂട്ടായ്മയുടെ ഫലവും അതിനുള്ള അംഗീകാരവുമാണ് ഈ നേട്ട'മെന്ന് അവാർഡ് ജേതാക്കൾ പ്രതികരിച്ചു.
ജോജിയിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തൻ നേടിയപ്പോൾ ആ സിനിമയുടെ അവലംബിത തിരക്കഥക്കുള്ള പുരസ്കാരമാണ് ശ്യം പുഷ്കരൻ നേടിയത്. ജോജിയിലെ അഭിനയത്തിനാണ് ഉണ്ണിമായ പ്രസാദിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം തേടിയെത്തിയത്.
ഒരേവർഷം സംസ്ഥാന പുരസ്കാരം നേടുന്ന ദമ്പതികളായി ശ്യാം പുഷ്കരനും ഉണ്ണിമായയും. ഹൃദയമാണ് വിനീത് ശ്രീനിവാസനെ പുരസ്കാര നേട്ടത്തിന് അർഹനാക്കിയത്.
2021ലെ മികച്ച ജനപ്രിയ ചിത്രമായി വിനീത് ശ്രീനിവാസന്‍റെ ഹൃദയം. തുറമുഖത്തിലെ കലാസംവിധാന മികവാണ് ഗോകുൽദാസിനെ പുരസ്കാരനേട്ടത്തിലേക്ക് എത്തിച്ചത്. 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ആറു പേർ ഒരുമിക്കുന്ന ചിത്രമെന്ന നേട്ടവും സഹീദ് അരാഫത്തിന്‍റെ തങ്കത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.