പരസ്യബോർഡ് വെക്കുന്നവരെ ഭീഷണിപ്പെടുത്തി തട്ടിപ്പ്; മൂന്നുപേർ പിടിയിൽ
text_fieldsതൃശൂർ: കോർപറേഷൻ പരിധിയിൽ പരസ്യബോർഡ് വെക്കുന്നവരിൽനിന്ന് കരാറുകാരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തുക തട്ടിയെടുക്കുന്നവരിൽ മൂന്നുപേർ പിടിയിൽ. നേരത്തേ, കോർപറേഷനിൽ പണം പിരിക്കാൻ ചുമതലപ്പെടുത്തിയിരുന്ന മുൻ കരാറുകാരൻ ഒറ്റപ്പാലം സ്വദേശി യാസിറിനെയും ഇയാളുടെ സഹായികളായ രണ്ട് പേരെയുമാണ് തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്.
ഇവർക്ക് സഹായം നൽകിയിരുന്നത് സി.പി.എമ്മിലെ യുവനേതാവായ കൗൺസിലറാണെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞദിവസം മുൻ എസ്.ഐയിൽ നിന്നാണ് ഇവർ ഭീഷണിപ്പെടുത്തി പണം പിരിക്കാൻ ശ്രമിച്ചത്. നഗരത്തിൽ ജ്വല്ലറിയുടെ പരസ്യബോർഡ് വെക്കാൻ ഇദ്ദേഹം കോർപറേഷൻ ഓഫിസിൽ ഇത്തരം കരാറുകാർ ഉണ്ടോയെന്ന് അന്വേഷിച്ചിരുന്നു. ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് നേരിട്ട് ഫീസ് അടച്ച് അനുമതി വാങ്ങി ബോർഡ് വെച്ചു. അടുത്ത ദിവസമാണ് മുൻ കരാറുകാരന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ബോർഡ് വെക്കാനുള്ള കരാർ തങ്ങളെടുത്തതാണെന്നും പണം വേണമെന്നും ആവശ്യപ്പെട്ടു.
കരാറില്ലാത്തത് ചൂണ്ടിക്കാണിച്ചതോടെ ഭീഷണിയായി. പണം തരാൻ കഴിയില്ലെന്ന് അറിയിച്ചതോടെ മടങ്ങിപ്പോയ സംഘം അടുത്ത ദിവസം ബോർഡുകൾ നശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് മുൻ എസ്.ഐ പരാതി നൽകിയത്.
അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ച് അറിഞ്ഞത്. സംഘത്തിന് കോർപറേഷനുമായി ബന്ധമില്ലെന്ന് കോർപറേഷൻ രേഖാമൂലം മറുപടി നൽകി. ഇവരെ പിടികൂടിയപ്പോൾ കൗൺസിലർ പൊലീസിനെ ബന്ധപ്പെട്ടതോടെയാണ് സംഘത്തിന് ഭരണകക്ഷിയുമായി ബന്ധമുണ്ടെന്ന് വ്യക്തമാവുന്നത്. പരാതിക്കാരൻ ഒത്തുതീർപ്പിന് തയാറല്ലെന്ന് വ്യക്തമാക്കിയതോടെ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നു. ഗുരുതരമായ ആരോപണം ഇതിന് പിന്നാലെ ഉയർന്നിട്ടുണ്ട്. നിരവധി ആളുകളിൽനിന്ന് സമാനമായി ഇവർ പണം പിരിച്ചതായും ഇതിനായി കൗൺസിലർ ഇടപെട്ടിട്ടുണ്ടെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.