അജണ്ടക്കുള്ളിൽ തിരുകി അംഗീകാരത്തിനായി ‘ബിനി ഫയൽ’
text_fieldsതൃശൂർ: വിവാദ ബിനി ടൂറിസ്റ്റ് ഹോം കൈമാറ്റ തീരുമാനമടക്കം 14 അജണ്ടകളുമായി ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം പ്രതിഷേധത്തെ തുടർന്ന് മൂന്ന് മിനിറ്റിൽ പിരിഞ്ഞു.
പ്രതിപക്ഷം കത്ത് നൽകിയതിനെ തുടർന്ന് അടിയന്തരമായി വിളിച്ചു ചേർത്തതായിരുന്നു കൗൺസിൽ യോഗം. യോഗം ആരംഭിച്ച രണ്ടാമത്തെ അജണ്ട വായിക്കുന്ന സമയത്ത് ഒരു അജണ്ടയിൽ 58 ഫയലുകൾ വെക്കുകയും 57 എണ്ണം ഡിവിഷൻതല പ്രവൃത്തികളും ഒരെണ്ണം ബിനി ടൂറിസ്റ്റ്ഹോമിന്റെ പൊളിച്ചു പണിയുമായി ബന്ധപ്പെട്ട അംഗീകാരത്തിനുള്ള ഫയലും ഉൾപ്പെടുത്തിയതായിരുന്നു. ഇത് ഓംബുഡ്സ്മാന്റെയും കോടതിയുടെയും പരിഗണനയിലിരിക്കുന്ന വിഷയം ആണെന്നും മാറ്റിവെണമെന്നും ബി.ജെ.പി പാർലമെൻററി ലീഡർ വിനോദ് പൊള്ളഞ്ചേരി ആവശ്യപ്പെട്ടു.
ബാക്കി 57ഉം പാസാക്കാൻ വിരോധമില്ലെന്നും ബിനി ടൂറിസ്റ്റ് ഹോമിന്റെ പൊളിച്ചുപണിയുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാന്റെ പരാമർശം സെക്രട്ടറിക്കും മേയർക്കും എതിരെ നിലനിൽക്കുന്നതിനാൽ ആ ഫയൽ മാത്രം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ യോഗം ബെല്ലടിച്ച് അവസാനിപ്പിച്ച് മേയർ ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. കൃത്രിമ പ്രതിഷേധം കാണിച്ച് മേയർ എല്ലാ അജണ്ടകളും പാസായെന്ന് പറഞ്ഞ് യോഗം പിരിച്ചുവിടുകയായിരുന്നുവെന്ന് പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു.
14 അജണ്ടകളിലായി 251 കോടി രൂപയുടെ അമൃതം പദ്ധതികളുടെ പ്രവൃത്തികളാണ് മേയർ മുൻകൂർ കൊടുത്തത് ചർച്ച ചെയ്യാതെ പാസാക്കിയതായി പ്രഖ്യാപിച്ച് മേയർ കൗൺസിൽ പിരിപ്പിച്ചുവിട്ട് ഇറങ്ങിപ്പോയത്. മുനിസിപ്പൽ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് കൗൺസിലിൽ മേയർ പ്രവർത്തിക്കുന്നതെന്നും അംഗീകരിക്കാനാവില്ലെന്നും രാജൻ പല്ലൻ കുറ്റപ്പെടുത്തി. കൗൺസിൽ യോഗം അവസാനിപ്പിച്ച് മേയർ ഇറങ്ങിപോയിട്ടും ഒരു മണിക്കൂറോളം ബി.ജെ.പി കൗൺസിലർമാർ ഹാളിലിരുന്ന് പ്രതിഷേധിച്ചു. എൻ. പ്രസാദ്, പൂർണിമ സുരേഷ്, ഡോ. വി. ആതിര, കെ.ജി. നിജി, എൻ.വി. രാധിക എന്നിവരും പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. ഈ അജണ്ടകൾ വീണ്ടും അടിയന്തര കൗൺസിൽ യോഗം വിളിച്ചുചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിക്ക് ബി.ജെ.പി കൗൺസിലർമാർ കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.