ബിനി ടൂറിസ്റ്റ് ഹോം കരാർ; കോർപറേഷന് അനുകൂല ഉത്തരവ് നൽകി സർക്കാർ
text_fieldsതൃശൂർ: ഏറെ വിവാദമുണ്ടാക്കിയ ബിനി ടൂറിസ്റ്റ് ഹോം കരാർ വിവാദത്തിൽ കോർപറേഷൻ നടപടികൾ അംഗീകരിച്ച് സർക്കാർ ഉത്തരവ്. നടത്തിപ്പിനുള്ള കരാർ പി.എസ്. ജനീഷിന് നൽകിയ കൗൺസിൽ നടപടിയിൽ നിയമവിരുദ്ധതയില്ലെന്നും ചില കൗൺസിൽ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വോട്ടിനിടാൻ ആവശ്യമുന്നയിച്ചതായി മിനുട്സിൽ കാണുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു.
ഭൂരിപക്ഷാടിസ്ഥാനത്തിലാണ് തീരുമാനമെന്ന മിനുട്സ് രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി സർക്കാർ അംഗീകരിച്ചത്. ബിനി ടൂറിസ്റ്റ് ഹോം കരാറിൽ അഴിമതിയാരോപിച്ച് കോൺഗ്രസ് കൗൺസിലർമാരായ മുകേഷ് കൂളപറമ്പിലും എ.കെ. സുരേഷും ബി.ജെ.പി കൗൺസിലർമാരുമാണ് ഹൈകോടതിയെയും ഓംബുഡ്സ്മാനെയും സമീപിച്ചത്.
കരാറുകാരന് അനുകൂലമായി നേരത്തെ സിംഗിൾബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്താണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കരാർ സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് വിഷയം പരിശോധിച്ച് അന്തിമ തീർപ്പിനായി സർക്കാറിനോട് നിർദേശിക്കുകയായിരുന്നു.
ഇതിലായിരുന്നു സർക്കാർ പരിശോധന നടത്തിയത്. നിയമാനുസൃതമാണെന്നാണ് സർക്കാർ ഉത്തരവ്. എതിർകക്ഷികളുടെ ഹരജികൾ തള്ളുകയും ചെയ്തു.
ഓംബുഡ്സ്മാനിൽ അഡ്വ. പ്രമോദ് നൽകിയ ഹരജിയിൽ പ്രഥമദൃഷ്ട്യ ക്രമക്കേട് സംശയിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനെയും സർക്കാർ ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ചട്ടമനുസരിച്ച് അധികാരമുണ്ടെന്നും പ്രത്യേക സാഹചര്യത്തിലല്ലാതെ സർക്കാറിന് ഇടപെടാൻ പരിമിതിയുണ്ടെന്നും ഉത്തരവിലുണ്ട്.
തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വോട്ടിനിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ അജണ്ട ഏതെടുത്താലും വോട്ടിനിടണമെന്ന ആവശ്യമുയർത്തുന്നതാണ് പ്രതിപക്ഷം.
മിനുട്സ് തിരുത്തൽ ആരോപണം ഏറെയുള്ള പ്രതിപക്ഷത്തിന് കിട്ടിയ ആയുധം കൂടിയാവും സർക്കാർ ഉത്തരവ്. നിയമനടപടികളിൽ പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.