ബിനി ടൂറിസ്റ്റ് ഹോം വിവാദം: കോൺഗ്രസും ബി.ജെ.പിയും നിലപാട് കടുപ്പിക്കുന്നു
text_fieldsതൃശൂർ: ഇടവേളക്കു ശേഷം വീണ്ടും കോർപറേഷൻ കൗൺസിൽ പ്രക്ഷുബ്ധമാകുന്നു. വിവാദ ബിനി ടൂറിസ്റ്റ് ഹോം വിഷയം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും തീരുമാനം.
10ന് നടക്കുന്ന കൗൺസിൽ യോഗത്തിന് ഒരുങ്ങിയാണ് കോൺഗ്രസും മുന്നണിയും എത്തുക. പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കെ അതുൾപ്പെടുത്താതെ ആരോപിതനായ കരാറുകാരനുതന്നെ നൽകാൻ കൗൺസിൽ തീരുമാനിച്ചെന്ന മിനിറ്റ്സ് പകർപ്പ് കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷത്തിന് നൽകിയത്.
ഇതോടൊപ്പം ബിനി ടൂറിസ്റ്റ് ഹോം അനുമതിയില്ലാതെ തകർത്തതിന് ക്രിമിനൽ കേസ് ചുമത്തപ്പെട്ട കരാറുകാരനായ പി.എസ്. ജനീഷുമായി മേയർ കോർപറേഷൻ ഓഫിസിൽ കൂടിക്കാഴ്ച നടത്തിയെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തി.
ജനീഷിനെതിരെ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ നൽകിയ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കോർപറേഷൻ നൽകിയ പരാതിയിലും ജനീഷ് പ്രതിയാണ്. തത്ത്വത്തിൽ ‘ഒളിവിലുള്ള’ പ്രതിയാണ് കോർപറേഷൻ ഓഫിസിൽവെച്ച് ഭരണത്തലവനായ മേയറുമായി ചർച്ച നടത്തിയതെന്ന വാദമാണ് ബി.ജെ.പി ഉയർത്തുന്നത്.
ബിനി ടൂറിസ്റ്റ് ഹോം വിഷയത്തിൽ വൻ ഇടപാട് നടന്നിട്ടുണ്ടെന്നും നിയമവിരുദ്ധ പ്രവൃത്തിക്ക് പിന്നിൽ ഉന്നതർക്ക് പങ്കുണ്ടെന്നുമാണ് കോൺഗ്രസ് വാദം. കോൺഗ്രസ് നൽകിയ ഹരജി ഹൈകോടതി അടുത്തയാഴ്ച പരിഗണിക്കുന്നുണ്ട്. 10ന് മുമ്പേ റിപ്പോർട്ട് നൽകാൻ നേരത്തേ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 10നാണ് കൗൺസിൽ ചേരുന്നത്.
യോഗത്തിന്റെ അജണ്ടയിൽ 14ാമത്തെ ഇനമായി വിവാദ ടൂറിസ്റ്റ് ഹോം വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസും ബി.ജെ.പിയും രാഷ്ട്രീയ നീക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.