ബിനി ടൂറിസ്റ്റ് ഹോം വിവാദം: കോർപറേഷൻ കൗൺസിലിൽ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ തമ്മിൽത്തല്ല്
text_fieldsതൃശൂർ: ബിനി ടൂറിസ്റ്റ് ഹോം വിവാദത്തിൽ കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ തമ്മിൽത്തല്ല്. ഏറ്റുമുട്ടലിൽ ഇരുപക്ഷത്തുനിന്നുമായി നാലുപേർ ആശുപത്രിയിൽ ചികിത്സ തേടി. കൗൺസിലർമാരുടെ ഏറ്റുമുട്ടലിനിടയിൽ മേയർ എം.കെ. വർഗീസും അകപ്പെട്ടു. കൗൺസിൽ യോഗത്തിൽ വിവാദ വിഷയത്തിലെ ഫയൽ വെച്ചില്ലെന്ന ആരോപണമുന്നയിച്ച് പ്രതിപക്ഷം രംഗത്തിറങ്ങി.
പ്രതിരോധവുമായി ഭരണപക്ഷവും വന്നതോടെയാണ് വാക്കേറ്റം തർക്കത്തിലും തമ്മിൽത്തല്ലിലുമെത്തിയത്. 96 അജണ്ടകളുമായി രാവിലെ തുടങ്ങിയ കൗൺസിലിൽ ഉച്ചക്ക് രണ്ടരയോടെ വിവാദ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മേയറെ തടയുകയായിരുന്നു.
കാൽ മണിക്കൂറോളം നേരം മേയറെ പ്രതിപക്ഷം തടഞ്ഞുവെച്ചതോടെ, ഭരണപക്ഷത്തെ യുവ കൗൺസിലർമാർ മേയറെ രക്ഷപ്പെടുത്താൻ രംഗത്തിറങ്ങി. ഭരണപക്ഷ കൗൺസിലർമാരായ രാഹുൽ ആർ. നാഥ്, അനീസ് അഹമ്മദ്, അനൂപ് ഡേവിസ് കാട എന്നിവരെത്തിയതോടെ ഉന്തുംതള്ളുമായി. പെട്ടെന്ന് സംഘർഷം പടർന്നു.
കോൺഗ്രസിലെ ജയപ്രകാശ് പൂവത്തിങ്കൽ, എ.കെ. സുരേഷ്, സുനിത വിനു, ലാലി ജയിംസ്, സനീഷ്, മുകേഷ് കുളംപറമ്പിൽ എന്നിവരുൾപ്പെട്ട പ്രതിപക്ഷനിരയെ ഇവർ നേരിട്ടതോടെ പിടിവലിയും ഉന്തുംതള്ളുമായി. മേയർ എം.കെ. വർഗീസും ഇതിനിടയിൽപ്പെട്ടു. വനിത കൗൺസിലർമാർ ഉൾപ്പെടെ നിലത്തുവീണു.
മുതിർന്ന നേതാക്കളായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, രാജൻ പല്ലൻ, ജോൺ ഡാനിയൽ എന്നിവരുടെ മുന്നിലായിരുന്നു യുവനിരയുടെ തമ്മിൽത്തല്ല്. ഭരണപക്ഷത്തുനിന്ന് രാഹുൽ നാഥ്, അനീസ് അഹമ്മദ് എന്നിവരും കോൺഗ്രസിലെ ജയപ്രകാശ് പൂവത്തിങ്കൽ, സുനിത വിനു എന്നിവരുമാണ് പരിക്കേറ്റ് ആശുപത്രിയിലായത്.
നേരത്തേ സീറ്റിൽനിന്ന് എഴുന്നേറ്റ മേയറെ പ്രതിപക്ഷ നേതാവ് തടഞ്ഞപ്പോൾ ഡയസിൽനിന്ന് ചാടിയിറങ്ങുകയായിരുന്നു. കൗൺസിൽ യോഗത്തിൽ രാവിലെ മുതൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം യോഗം തുടർന്നയുടനെ ഫയൽ കൗൺസിലിൽ വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ നാല് അംഗങ്ങൾ നടുത്തളത്തിലിറങ്ങി കുത്തിയിരുന്നു.
ഇതോടെ മേയർ അജണ്ടകൾ പാസാക്കിയെന്നറിയിച്ച് യോഗം പിരിച്ചുവിട്ടു. കൗൺസിൽ യോഗ അജണ്ടയിലുള്ള വിഷയത്തിൽ ഫയൽ മേശപ്പുറത്തുവെക്കണമെന്നാണ് ചട്ടം. അതുചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബി.ജെ.പിയും ശക്തമായ പ്രതിഷേധത്തിലാണ്.
അന്വേഷണത്തിന് കോടതി കമീഷൻ വരുമെന്നറിയിച്ചതിനാൽ അവരെ കാണിക്കാൻ ബന്ധപ്പെട്ട സെക്ഷനിൽ ഫയൽ സൂക്ഷിച്ചിരുന്നതായി മേയർ പിന്നീട് അറിയിച്ചു. എന്നാൽ, ചർച്ച നടക്കുമ്പോൾ ഫയൽ കൗൺസിലിൽ പരിശോധനക്ക് വേണമെന്നാണ് ചട്ടമെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ വിശദീകരിച്ചു.
52 അജണ്ടകൾ മാത്രമേ ചർച്ച ചെയ്തിട്ടുള്ളൂവെന്നും ബാക്കി അജണ്ടകൾ ചർച്ച ചെയ്യാതെ പിരിച്ചുവിടുകയായിരുന്നുവെന്നും 96ാമത്തെ അജണ്ട (വിവാദ വിഷയം) തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് വോട്ടിങ് ആവശ്യപ്പെടുന്നതായും രാജൻ പല്ലൻ പറഞ്ഞു.
മാലിന്യ നീക്കത്തിൽ കൗൺസിലിൽ പ്രഹസനചർച്ച
തൃശൂർ: മാലിന്യനീക്കവുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ കൗൺസിലിൽ ചൂടേറിയ ചർച്ച. സീറോ വേസ്റ്റ് പദ്ധതിയെ ചൊല്ലി ഭരണപക്ഷത്തിന്റെ അവകാശവാദത്തെ നഗരത്തിലിറങ്ങി നോക്കിയാൽ മതിയെന്ന ഒറ്റവരിയിൽ പ്രതിപക്ഷം പരിഹസിച്ചു.
സെപ്റ്റിക് മാലിന്യം ഉൾപ്പെടെ വലിച്ചെറിയുന്നതായി കൗൺസിലർ മേഫി ഡെൽസൻ പറഞ്ഞു. കോർപ്പറേഷൻ പരിധിയിലെ എല്ലാ മാലിന്യങ്ങളും മാറ്റുന്ന സംസ്ഥാന സർക്കാർ പദ്ധതി ചൊവ്വാഴ്ച നിലവിൽ വരുമെന്ന് കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ അറിയിച്ചു.
മാലിന്യം എവിടേക്കാണ് നീക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ചോദിച്ചപ്പോൾ സീറോ വേസ്റ്റ് കമ്പനിയാണ് മാറ്റുന്നതെന്ന് അറിയിച്ചു. നാല് ടോറസ് ലോറികളിലായി മാലിന്യം മാറ്റുന്നത് എവിടെക്കെന്നത് പരസ്യമാക്കാൻ എന്താണ് ബുദ്ധിമുട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. മാലിന്യം കുന്നുകൂട്ടിയിട്ട് തൃശൂർ മറ്റൊരു ലാലൂർ ആകുമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളഞ്ചരി പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത് കാണിച്ചുതരാമെന്ന് ഭരണപക്ഷത്തെ ജയപ്രകാശ് പൂവത്തിങ്കൽ വെല്ലുവിളിച്ചു. സ്വിവറേജ് മാലിന്യം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടർ എടുത്ത നിലപാടിനെതിരെയും ഭരണപക്ഷം വിമർശിച്ചു. തെരുവുനായ് ശല്യം രൂക്ഷമായെന്ന് വ്യാപകമായി പരാതിയുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.