ബിനി ടൂറിസ്റ്റ് ഹോം; പൊളിക്കുന്നത് അറിഞ്ഞില്ലെന്ന് സൂപ്രണ്ടിങ് എൻജിനീയറുടെ മൊഴി
text_fieldsതൃശൂർ: കോർപറേഷനിലെ വിവാദമായ ബിനി ടൂറിസ്റ്റ് ഹോം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് തൃശൂർ മുൻസിഫ് കോടതി നിയോഗിച്ച അഭിഭാഷക കമീഷൻ കോർപറേഷൻ ആസ്ഥാനത്തും ബിനി ടൂറിസ്റ്റ് ഹോമിലുമെത്തി തെളിവെടുത്തു.
രേഷ്മ, അപർണ എന്നിവരാണ് തെളിവെടുപ്പിനെത്തിയത്. കോർപറേഷൻ ആസ്ഥാനത്തെത്തി സെക്രട്ടറിയിൽനിന്നു വിശദീകരണം തേടി. ഫയൽ മേയറുടെ കൈവശമാണെന്നും പരിശോധിക്കണമെന്നും ക്രമവിരുദ്ധ നടപടികൾ ഇല്ലെന്നും സെക്രട്ടറി കമീഷനെ അറിയിച്ചു.
കെട്ടിടം പൊളിക്കുന്നുവെന്നതും നിർമാണ പ്രവൃത്തികൾ നടക്കുന്നുവെന്നതും സംബന്ധിച്ച് വകുപ്പിന് അറിയില്ലെന്നും മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നാണ് അറിഞ്ഞതെന്നും നിർമാണ പ്രവൃത്തികളുടെ ചുമതലയുള്ള എൻജിനീയറിങ് വിഭാഗം സൂപ്രണ്ട് കമീഷന് മൊഴി നൽകി.
കമീഷൻ സന്ദർശന സമയത്ത് മേയർ ഇല്ലാതിരുന്നതിനാൽ തിങ്കളാഴ്ച എത്തുമെന്നും ഫയലുകൾ വേണമെന്നും ആവശ്യപ്പെട്ട് മേയറുടെ സെക്രട്ടറിക്ക് കമീഷൻ രേഖാമൂലം കത്ത് നൽകി. കോർപറേഷൻ ആസ്ഥാനത്തെ തെളിവെടുപ്പിന് ശേഷമായിരുന്നു ബിനി ടൂറിസ്റ്റ് ഹോമിലെത്തി പൊളിച്ചിട്ടതും നിർമാണ പ്രവൃത്തികളും കണ്ടത്.
തെളിവെടുപ്പുകളെല്ലാം വിഡിയോയിലും പകർത്തിയിട്ടുണ്ട്. തിങ്കളാഴ്ച മേയറിൽ നിന്നും മൊഴിയെടുത്തും ഫയലുകൾ പരിശോധിച്ചതിനും ശേഷമേ കോടതിയിൽ റിപ്പോർട്ട് നൽകൂ.
‘ബിനി’ വീണ്ടും കൗൺസിലിന് മുമ്പിൽ; ആയുധമാക്കാൻ പ്രതിപക്ഷം
തൃശൂർ: അനധികൃത പൊളിക്കൽ വിവാദത്തിൽ സി.പി.എം നേതൃത്വമടക്കം അതൃപ്തിയിൽ നിൽക്കെ ബിനി വിഷയം കൗൺസിലിൽ ചർച്ചക്ക്. തിങ്കളാഴ്ച രാവിലെ 11ന് ചേരുന്ന കൗൺസിലിൽ 96ാമത് അജണ്ടയായിട്ടാണ് ബിനി ടൂറിസ്റ്റ് ഹോം കൈമാറിയ വിഷയം ഉൾപ്പെടുത്തിയിരിക്കുന്നത്.
രാഷ്ട്രീയപരമായും കോർപറേഷന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് ആക്ഷേപവുമുള്ളതാണ് വിവാദ വിഷയമെന്നിരിക്കെ അജണ്ടയിൽ ഏറ്റവും ഒടുവിലായി ഉൾപ്പെടുത്തിയതും ആസൂത്രിതമാണെന്ന് ആക്ഷേപമുണ്ട്.
നടപടികൾ പാലിക്കാതെ കൈമാറുകയും പൊളിക്കാൻ അനുമതി നൽകിയെന്നും വൻ സാമ്പത്തിക ഇടപാട് നടന്നുവെന്നും സി.പി.എം നേതാക്കളുടെ അറിവോടെയുമാണെന്ന കടുത്ത ആരോപണമാണ് വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും ഉയർത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.